കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.
പാലത്തിന്റെ നിര്‍മാണത്തിലും മേല്‍നോട്ടത്തിലും ക്രമക്കേട് സംഭവിച്ചു. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍മ്മിച്ച പാലത്തിലെ അപാകതകള്‍ക്ക് കേവലം അറ്റകുറ്റപ്പണി നടത്താനല്ല ഉദ്ദേശിക്കുന്നത്. മറിച്ച് പാലം പുനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്, ജി സുധാകരന്‍ വ്യക്തമാക്കി.
അതേസമയം, നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍, കിറ്റ്കോ തുടങ്ങിയ സ്ഥാപനങ്ങള്‍ അന്വേഷണ പരിധിയില്‍ വരും. ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയോ എന്ന കാര്യം വിജിലന്‍സ് പരിശോധിക്കുന്നതാണ്.
എറണാകുളം സ്പെഷ്യല്‍ വിജിലന്‍സ് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഉടനെ തന്നെ വിജിലന്‍സ് സംഘം പാലം പരിശോധിക്കും. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമായിരിക്കും ബലക്ഷയത്തിന്റെ കാരണം എന്താണെന്ന് വിശദീകരിക്കാന്‍ കഴിയൂവെന്നാണ് നിലവില്‍ കിറ്റ്‌കോയുടെ നിലപാട്.