കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവര്‍ അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യുന്നതിന് ഹാജരാകാന്‍ ഉടനെ നോട്ടീസ് അയക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
പാലം പൊളിക്കണമെന്ന ശുപാര്‍ശയില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരും കോടതിയുമാണെന്നാണ് വിജിലന്‍സ് പറയുന്നത്. പാലാരിവട്ടം ഫ്ളൈ ഓവര്‍ അഴിമതിയില്‍ റോഡ്സ് ആന്റ് ബ്രിഡ്ജസ് എംഡി മുഹമ്മദ് ഹനീഷ് അടക്കം 17 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം പാലത്തില്‍ ഇനി അറ്റകുറ്റപ്പണി നടത്തിയിട്ട് കാര്യമില്ലെന്നും പാലം പൊളിച്ചു പണിയണമെന്നുമാണ്.കിറ്റ്കോ മുന്‍ എംഡി സിറിയക് ഡേവിഡ്, ജോയിന്റ് ജനറല്‍ മാനേജര്‍മാരായ ബെന്നി പോള്‍, ജി പ്രമോദ് ആര്‍ബിഡിസി മുന്‍ ജനറല്‍ മാനേജര്‍ എംഡി തങ്കച്ചന്‍ എന്നിവര്‍ക്കെതിരെയും തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.