കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കം മുന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ടി.ഒ.സുരജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ജാമ്യപേക്ഷ സമര്‍പ്പിച്ച നാലു പ്രതികളില്‍ ഒരാള്‍ക്ക് മാത്രമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിനു മാത്രമാണ് കോടതി ജാമ്യം അനുവദിച്ചത്.
ടി.ഒ. സൂരജിനു പുറമെ കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ആര്‍ബിഡിസി മുന്‍ എജിഎം എം.ടി. തങ്കച്ചന്‍ എന്നിവര്‍ക്കുമാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. മൂന്നാം പ്രതിയായ ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസില്‍ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലം നിര്‍മ്മാണം നടക്കുന്ന സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഈ മാസം 17 വരെയാണ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.