ന്യൂയോർക്ക്: ഇസ്രയേൽ- പലസ്തീൻ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാസമിതി ഇന്ന് പൊതുചർച്ച നടത്തും. വെള്ളിയാഴ്ച നടന്ന യോഗത്തിൽ യുഎസിന്‍റെ എതിർപ്പിനെച്ചൊല്ലിയുള്ള ഒത്തുതീർപ്പിന് ശേഷമാണ് പൊതുചർച്ച നടത്താനുള്ള അന്തിമ ധാരണയിലെത്തിയത്. അതേസമയം, ഇസ്രയേൽ- പലസ്തീൻ ഏറ്റുമുട്ടലിൽ ഗാസയിൽ സാധാരണ ജനങ്ങൾ കൊല്ലപ്പെടുന്നതിനെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെയും അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് രംഗത്തെത്തി.
ഗാസയിലെ അൽ-ഷതി ക്യാമ്പിൽ ഇന്നലെ രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ട സംഭവത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.