ശാന്തമാകണം; പശ്ചിമേഷ്യയില്‍ സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പലസ്തീൻ ഭരണകൂടം

Mahmoud Abbas

വാഷിംഗ്‌ടൺ : 2018 മധ്യത്തോടെ നടക്കുന്ന മിഡിൽ ഈസ്റ് സമാധാന സമ്മേളനത്തിനായി തയ്യാറെന്ന് പലസ്തീൻ ഭരണകൂടം. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് ചൊവ്വാഴ്ച മിഡിൽ ഈസ്റ്റ്‌ സമാധാന സമ്മേളനം വേണമെന്ന് ആവശ്യപ്പെട്ടത്. കൂടാതെ ഇസ്രയേലുമായുള്ള സമാധാന ചർച്ചയ്ക്ക് ബ്രോക്കർ മധ്യസ്ഥം എന്ന നിലയിൽ അമേരിക്കയെ പലസ്തീൻ പുറത്താക്കുകയും ചെയ്തു.

ജനങ്ങൾക്ക് സ്വാതന്ത്രം ലഭിക്കുന്നതിന് ഉടൻ തന്നെ ചർച്ചകൾ ആരംഭിക്കാൻ ഞങ്ങൾ തയ്യാറാണെന്നും, 2018 ന്റെ മധ്യത്തോടെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഇതിനായി പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അബ്ബാസ് വ്യക്തമാക്കി.

നിയമത്തിന് മേൽ ഭരണകൂടം എന്ന നിലയിലാണ് ഇസ്രേയൽ പ്രവർത്തിക്കുന്നതെന്നും വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിൽ അനധികൃത കുടിയേറ്റവും സൈനിക സാന്നിധ്യവും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അബ്ബാസ് വിമർശിച്ചു.

അമേരിക്കയിൽ നിന്നും സഹായം ലഭിക്കാൻ ആഗ്രഹമുണ്ടെങ്കിൽ പലസ്തീൻ അമേരിക്കയുമായി സമാധാന ചർച്ചകൾ നടത്തണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ ട്രംപ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വർഷം ഡിസംബറിലാണ് പലസ്തീനും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ പ്രദേശങ്ങൾ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് പലസ്തീൻ ആവശ്യപ്പെടുന്നത്.

അമേരിക്കൻ പ്രസിഡന്റിന്റെ ഈ പ്രഖ്യാപനം അന്താരാഷ്ട്ര വിമർശനത്തിനും ലോകമെമ്പാടുമുള്ള പ്രതിഷേധപ്രകടനത്തിനും കാരണമായി. ജൂതരും, മുസ്ലിമുകളും, ക്രിസ്ത്യാനികളും ഒരുപോലെ പുണ്യനഗരമായി കരുതുന്ന ജറുസലേം ഇസ്രയേലിന് പതിച്ചുനല്‍കുന്നതിന് സമാനമായ നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നും കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുള്ളത്.

Top