ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹം മുന്‍കയ്യെടുക്കണമെന്ന്

palastine-plo

ജെറുസലേം : പലസ്തീന്‍ വിഷയത്തില്‍ ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹം മുന്‍കയ്യെടുക്കണമെന്ന് ഖത്തര്‍. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇസ്രായേലിനെതിരെ കടുത്ത പരാമര്‍ശങ്ങളുള്ളത്.

പലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളില്‍ ലോക രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത ഗാസാ മുനമ്പില്‍ മറ്റൊരു പൊട്ടിത്തെറിക്ക് കാരണമാകാനുള്ള സാധ്യതയുണ്ട്. പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ഗാസയിലെ അന്യായ ഉപരോധം അവസാനിപ്പിക്കുകയും വേണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. പലസ്തീനിന്റെ ചരിത്രപരമായ അവകാശത്തിന് വേണ്ടി ഖത്തര്‍ എല്ലായ്‌പ്പോഴും നിലകൊള്ളാറുണ്ട്. പലസ്തീന്‍ വിഷയത്തില്‍ ഖത്തറിന്റേത് ഉറച്ച നിലപാടാണെന്നും അത് യുഎന്‍ പ്രമേയങ്ങളിലൂടെ അംഗീകരിക്കപ്പെട്ടതുമാണെന്നും വാര്‍ത്താക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പലസ്തീന്‍ ജനത അനുഭവിക്കുന്ന അനീതി ഇല്ലാതാക്കുകയാണ് ഖത്തറിന്റെ ലക്ഷ്യങ്ങളിലൊന്ന്. ഇതിന് വേണ്ടി രാജ്യാന്തര തലത്തിലുള്ള ഇടപെടലുകള്‍ ഇനിയും തുടരും. ഗാസയുടെ പുനര്‍ നിര്‍മ്മാണത്തില്‍ ഖത്തറിന്റെ സജീവമായ പങ്കാളിത്തമുണ്ടാകുമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തര്‍ ദേശീയ സമിതി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഇമാദിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പലസ്തീന്‍ വിഷയത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ച് ഖത്തര്‍ രംഗത്ത് വരുന്നത്.

Top