പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തരുത്; ആര്യാടന്‍ ഷൗക്കത്തിന് മുന്നറിയിപ്പുമായ് കെപിസിസി

മലപ്പുറം: മലപ്പുറത്ത് നാളെ പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തരുതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് മുന്നറിയിപ്പുമായ് കെപിസിസി നേതൃത്വം. സമാന്തര പരിപാടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. മലപ്പുറത്ത് കോണ്‍ഗ്രസില്‍ വിഭാഗീതയ രൂക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയതെന്നാണ് സൂചനകള്‍.

എന്നാല്‍ നാളത്തെ പരിപാടിയില്‍ നിന്ന് പിന്മാറുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. താക്കീത് നല്‍കിക്കൊണ്ടുള്ള കെപിസിസി നിര്‍ദേശം കിട്ടിയിട്ടില്ല. നിര്‍ദേശം ലഭിച്ചാല്‍ അതിന് മറുപടി നല്‍കുമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി നേതൃത്വം അയച്ച കത്ത് പുറത്ത് വന്നിട്ടുണ്ട്.

നാളെയാണ് ആര്യാടന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ മഹാസദസും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയ്ക്ക് വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പലസ്തീന്‍ ഐക്യദാര്‍ഢ്യം നല്‍കുക മാത്രമാണ് പരിപാടിയുടെ ലക്ഷ്യമെന്നും സംഘാടക സമിതി വ്യക്തമാക്കി. പലസ്തീനോട് ഐക്യപ്പെടുന്നത് തന്നെയാണ് കോണ്‍ഗ്രസിന്റേയും നിലപാടെന്നും ആര്യാടന്‍ ഷൗക്കത്ത് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിന് കടുത്ത പരാതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കെപിസിസി വിഭാഗീയ നീക്കം സംശയിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം എ ഗ്രൂപ്പ് മൂന്ന് രഹസ്യയോഗങ്ങളാണ് ചേര്‍ന്നത്.

 

Top