പാലിയേക്കര ടോള്‍പ്ലാസയില്‍ വീണ്ടും ടോള്‍നിരക്ക് ഉയര്‍ത്തുന്നു; പുതുക്കിയ നിരക്ക് ഇന്നുമുതല്‍

തൃശൂര്‍: ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാകാതെ തുടരുന്നതിനിടെ പാലിയേക്കര ടോള്‍പ്ലാസയില്‍ വീണ്ടും ടോള്‍നിരക്ക് ഉയര്‍ത്തുന്നു. നിലവിലെ കരാര്‍വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബര്‍ ഒന്നിന് ടോള്‍നിരക്ക് ഉയര്‍ത്തുന്നത്. പുതിയ അറിയിപ്പ് പ്രകാരം കാര്‍, ജീപ്പ്, ചെറുകിട വാണിജ്യവാഹനങ്ങള്‍ എന്നിവയുടെ ഒരു വശത്തേക്കുള്ള ടോള്‍നിരക്കില്‍ മാറ്റമില്ല.

ടോള്‍പാതയിലെ യാത്ര സുരക്ഷിതമല്ലെന്നും 10 ബ്ലാക്ക് സ്‌പോട്ടുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ അപകടസാധ്യതയുണ്ടെന്നും ദേശീയപാത അതോറിറ്റിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജിയും വകുപ്പുമന്ത്രിക്ക് പരാതിയും നിലനില്‍ക്കുന്നതിനിടെയാണ് ടോള്‍നിരക്ക് ഉയര്‍ത്താനുള്ള തീരുമാനം.

ദിവസത്തില്‍ ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് അഞ്ച് മുതല്‍ 10 രൂപ വരെയാണ് വര്‍ധനവ്. കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നില്‍ കൂടുതല്‍ യാത്രകളുണ്ടെങ്കില്‍ 140 രൂപ നല്‍കേണ്ടി വരും. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 160 രൂപയാണ് ചാര്‍ജ്. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് ഇത് 240 രൂപയായി ഉയരും.

ബസ്, ലോറി, ട്രക്ക് എന്നിവയ്ക്ക് ഒരുവശത്തേക്ക് 320 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 480 രൂപയുമാണ് നിരക്ക്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 515 രൂപയാണ്. ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 775 രൂപ നല്‍കണം. ടോള്‍പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്കുള്ള ടോള്‍നിരക്ക് 150 രൂപയും 20 കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്ക് 300 രൂപയുമാണ്.

Top