പാലിയേക്കര ടോള്‍: സമാന്തരപാത അടച്ചുപൂട്ടണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

tolll

കൊച്ചി: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമാന്തരമായുള്ള പാത അടച്ചുപൂട്ടാനാവില്ലെന്ന് ഹൈക്കോടതി.

സമാന്തരപാതയ്ക്കു വീതി കൂടിയതിനാല്‍ വലിയ വാഹനങ്ങള്‍ ഇതുവഴി ടോള്‍ നല്‍കാതെ പോകുന്നുവെന്നാരോപിച്ചു കരാറെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

എന്നാല്‍ ഈ പാതയുടെ വീതി 1.5 മീറ്ററായി നിജപ്പെടുത്താന്‍ കോടതി നിര്‍ദേശം നല്‍കി. ടോള്‍ വേണ്ടാത്ത വാഹനങ്ങള്‍ക്ക് കടന്നുപോകാനാണു സമാന്തരപാത ഉപയോഗിച്ചിരുന്നത്. ഓണക്കാലത്തെ തിരക്കിനെത്തുടര്‍ന്നു പാതയുടെ വീതികൂട്ടി. തുടര്‍ന്നാണു കരാറുകാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിക്കവെ ടോള്‍ പിരിക്കുന്നതിലാണ് കരാറുകാര്‍ക്ക് താത്പര്യമെന്നും ടോള്‍ പ്ലാസയ്ക്കു സമീപമുള്ള അറ്റകുറ്റപ്പണികളില്‍ ടോള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Top