ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച എംഎല്‍എമാരുടെ യോഗത്തിൽ 111 എംഎൽഎമാർ എത്തി . ഇതോടെ പളനിസ്വാമി സർക്കാരിന്റെ ഭൂരിപക്ഷം വർധിച്ചു.
ടി.ടി.വി. ദിനകരനെ തള്ളി കൂടുതൽ എംഎൽഎമാർ പളനിസാമി പക്ഷത്തേക്ക്എത്തി. പളനിസാമി സർക്കാർ വിശ്വാസവോട്ടെടുപ്പിലൂടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
പളനിസാമിയെ പിന്തുണച്ച് 111 എംഎൽഎമാർ യോഗത്തിനെത്തിയെന്നത് ശ്രദ്ധേയമാണ്.
അണ്ണാ ഡിഎംകെ നേതാവ് ഡി. ജയകുമാറാണ് യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരുടെ കണക്ക് പുറത്തുവിട്ടത്.
234 അംഗ തമിഴ്നാട് നിയമസഭയിൽ 134 എംഎൽഎമാരാണ് അണ്ണാ ഡിഎംകെയ്ക്ക് ഉള്ളത്. ഭരണം നിലനിർത്താൻ പളനിസാമിക്കു 117 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്.
ഓഗസ്റ്റ് 28നും അണ്ണാ ഡിഎംകെ എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും അന്ന് 75 എംഎൽഎമാർ മാത്രമാണ് യോഗത്തിനെത്തിയത്.
ഇന്നത്തെ യോഗത്തിൽ 111 എംഎൽഎമാർ പങ്കെടുത്തത് പളനിസാമി പക്ഷം കരുത്താർജിക്കുന്നതിന്റെ തെളിവായാണ് കാണുന്നത്.
ദിനകരൻ പക്ഷത്തുനിന്ന് ഒൻപതു എംഎൽഎമാർ കൂടി പളനിസാമി പക്ഷത്ത് എത്തുമെന്നും ഇവർ പളനിസാമിയുമായി ടെലിഫോണിൽ ബന്ധപ്പെട്ട് പിന്തുണ അറിയിച്ചെന്നും ജയകുമാർ വ്യക്തമാക്കി. മൂന്നു സ്വതന്ത്ര എംഎൽഎമാർകൂടി പളനിസാമിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജയകുമാർ അറിയിച്ചു.
ഭരണപ്രതിസന്ധി രൂക്ഷമായ തമിഴ്നാട്ടിൽ പത്തു ദിവസത്തിനുള്ളില്‍ ഇതു മൂന്നാം തവണയാണു മുഖ്യമന്ത്രി എംഎല്‍എമാരുടെ യോഗം വിളിക്കുന്നത്.
പാര്‍ട്ടി ജനറല്‍ കൗണ്‍സിലിനു കേവലം ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണു മുഖ്യമന്ത്രി വീണ്ടും എംഎല്‍എമാരുടെയും പ്രധാന ഭാരവാഹികളുടെയും യോഗം വിളിച്ചത്.