palm oil case thrissur vigilance court order

തൃശൂര്‍: പാമൊലിന്‍ കേസിന്റെ വിചാരണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി.

പ്രതികളുടെ തടസവാദങ്ങള്‍ തള്ളിയ സുപ്രീംകോടതി ഉത്തരവിന് ശേഷം ഇന്ന് ആദ്യമായി കേസ് പരിഗണിക്കുകയായിരുന്നു കോടതി.

പ്രതികള്‍ ഇന്ന്ഹാജരാകാത്തത് സംബന്ധിച്ച് കോടതി അതൃപ്തി രേഖപ്പെടുത്തി. കേസ് പരിഗണിക്കുന്നത് ജൂണ്‍ 23ലേക്ക് മാറ്റിയ വിജിലന്‍സ് കോടതി അന്ന് പ്രതികള്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചു.

മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫയുടെ ആരോഗ്യസ്ഥിതി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യം പരിഗണിക്കാമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അനുസൃതമായി നടപടി സ്വീകരിക്കുമെന്നും ജഡ്ജി സി. ജയചന്ദ്രന്‍ വ്യക്തമാക്കി.

കേസ് അനന്തമായി നീട്ടുകയാണെന്ന മുന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വിചാരണ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ 11ന് കേസ് ഹരജി പരിഗണിക്കവെ മുന്‍ ചീഫ് സെക്രട്ടറിമാരായ ജിജി തോംസണ്‍, പി.ജെ. തോമസ് എന്നിവരുടെ തടസവാദങ്ങള്‍ കോടതി തള്ളിയിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 29ന് കുറ്റപത്രം സംബന്ധിച്ച് പ്രാഥമികവാദം നടക്കവേ അസ്വാഭാവികമായി ഒന്നുമില്ലെന്നും തെളിവില്ലെന്നുമുള്ള പ്രതികളുടെ വാദത്തെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ, 199192 കാലഘട്ടത്തിലാണ് കേസിനാസ്പദമായ പാമൊലിന്‍ ഇടപാട് നടന്നത്. മലേഷ്യയില്‍ നിന്ന് 15,000 ടണ്‍ പാമൊലിന്‍ ഇറക്കുമതി ചെയ്തതില്‍ സര്‍ക്കാറിന് 2.32 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്.

Top