ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 2022ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 350 സീറ്റ് സമാജ്‌വാദി പാര്‍ട്ടിക്ക് ലഭിക്കുമെന്ന അവകാശ വാദവുമായി മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. ലഖ്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.
‘ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്ത് ഒരാള്‍ എന്നെ കാണാന്‍ വന്നു. കഠിനാധ്വാനം ചെയ്താല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ 350 സീറ്റ് നേടി ഭരണത്തില്‍ തിരിച്ചെത്താമെന്ന് എന്റെ കൈരേഖ നോക്കിയ അദ്ദേഹം പ്രവചിച്ചു. എന്തായാലും ഞാന്‍ ഒരുകാര്യം തീരുമാനിച്ചിരിക്കുകയാണ്. 350നേക്കാള്‍ ഒരു സീറ്റ് അധികം നേടി അധികാരത്തില്‍ തിരിച്ചെത്തും.
കള്ളം പ്രചരിപ്പിച്ച് ബിജെപി 300 സീറ്റ് നേടിയെങ്കില്‍ സത്യസന്ധമായി പ്രവര്‍ത്തിച്ച് ഞങ്ങള്‍ 351 സീറ്റ് നേടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അഖിലേഷ് രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയുടെ ഭരണഘടനയെ യോഗി അംഗീകരിക്കുന്നില്ല. ബിജെപിയും ഭരണഘടനയെ ആക്രമിക്കുകയാണ്. യോഗി ആദിത്യനാഥിന്റെ കീഴില്‍ യുപി പിന്നിലേക്കാണ് പോയതെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.