palmoil caue comment vigilence court judge

തൃശൂര്‍: പാമൊലിന്‍ കേസില്‍ വിചാരണ ആരംഭിച്ച ആദ്യ ദിവസം തന്നെ ടിഎച്ച് മുസ്തഫയ്ക്ക് കോടതിയുടെ വിമര്‍ശനം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ രണ്ടാം പ്രതിയും മുന്‍മന്ത്രിയുമായ ടിഎച്ച് മുസ്തഫ എന്തുകൊണ്ട് ഹാജരായില്ലെന്ന് കോടതി ചോദിച്ചു. ടിഎച്ച് മുസ്തഫ്‌ക്കെതിരെ തെളിവില്ലെങ്കില്‍ കേസ് നിലനില്‍ക്കുന്നത് എന്തു കൊണ്ടെന്നും കോടതി ആരാഞ്ഞു.

സിഎജി റിപ്പോര്‍ട്ട് വേദവാക്യമായി എടുക്കേണ്ട. കേസ് പരിഗണിക്കുന്നത് മെയ് 30ലേക്ക് മാറ്റിയ കോടതി കേസ് നീണ്ടുപോകുന്നതില്‍ സഹതാപമുണ്ടെന്നും പറഞ്ഞു. ജഡ്ജി എസ്എസ് വാസനാണ് കേസ് പരിഗണിക്കുന്നത് . നേരത്തേ കേസിലെ മൂന്നും നാലും പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രസ്താവത്തിനിടെ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം ഉണ്ടായിരുന്നു.

അന്നത്തെ ധനമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്കു പാമൊലിന്‍ ഇടപാടില്‍ വ്യക്തമായ അറിവുണ്ടായിരുന്നെന്നു ജഡ്ജി എസ്എസ് വാസന്‍ കേസിലെ വിടുതല്‍ഹര്‍ജി പരിഗണിക്കവേ ചൂണ്ടിക്കാട്ടി. ഇറക്കുമതി സംബന്ധിച്ച ഫയലില്‍ ഉമ്മന്‍ ചാണ്ടി ഒപ്പിട്ടതു വസ്തുതയാണ്. ഇടപാട് രാഷ്ട്രീയ തീരുമാനമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ കുറ്റംചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ മൂന്നും നാലും പ്രതികളായിരുന്ന മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യൂസ്, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍ എന്നിവരുടെ വിടുതല്‍ഹര്‍ജികളാണു കോടതി അംഗീകരിച്ചത്. തുടര്‍ന്ന് ഇവരെ കുറ്റവിമുക്തരാക്കി.

കേസിലെ രണ്ടാംപ്രതിയും മുന്‍മന്ത്രിയുമായ ടിഎച്ച് മുസ്തഫ, അഞ്ചാം പ്രതിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ എന്നിവരുടെ വിടുതല്‍ഹര്‍ജി 2014 ഫെബ്രുവരിയില്‍ കോടതി തള്ളിയിരുന്നു. അവര്‍ പ്രതികളായി തുടരും. 199192 കാലഘട്ടത്തിലായിരുന്നു വിവാദമായ പാമൊലിന്‍ ഇറക്കുമതി. പാമൊലിനു രാജ്യാന്തരവിപണിയില്‍ 392.25 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ നല്‍കി 15,000 ടണ്‍ ഇറക്കുമതി ചെയ്‌തെന്നാണു കേസ്. അധികവില നല്‍കിയുള്ള ഇറക്കുമതി ഗൂഢാലോചനയാണെന്ന് ആക്ഷേപമുണ്ടായി.

ഖജനാവിന് 2.32 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണു വിജിലന്‍സ് കേസെടുത്തത്. പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ഫയല്‍ ധനമന്ത്രി കാണണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കുറിപ്പു നല്‍കിയിരുന്നു. അങ്ങനെയാണു ഫയല്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്നിലെത്തിയത്. ഫയലില്‍ ഉമ്മന്‍ ചാണ്ടി ഒപ്പുവച്ചെന്നു തെളിവുകള്‍ പരിശോധിച്ചു കോടതി നിഗമനത്തിലെത്തി. മന്ത്രിസഭയുടെയും ധനമന്ത്രിയുടെയും അറിവോടെയാണു കരാറുമായി മുന്നോട്ടുപോയതെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ 2005ല്‍ അധികാരത്തില്‍ വന്നപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീടുവന്ന ഇടതുസര്‍ക്കാര്‍ ആ തീരുമാനം റദ്ദാക്കി. കേസ് പുനരുജ്ജീവിച്ചെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെ പിന്‍വലിക്കാന്‍ നീക്കമുണ്ടായി. എന്നാല്‍ കോടതി ഇതനുവദിച്ചില്ല. തെരഞ്ഞെടുപ്പ് അടുത്ത കാലത്ത് ആരംഭിക്കുന്ന വിചാരണ നടപടികള്‍ യുഡിഎഫിന് നിര്‍ണായകമാവും.

Top