പാലോട് രവിയെ ഡിസിസി പ്രസിഡന്റാക്കിയത് അനീതിയെന്ന് പി.എസ് പ്രശാന്ത്

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി പാലോട് രവിയെ നിയോഗിച്ചതില്‍ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പിഎസ് പ്രശാന്ത് കെപിസിസിയെ പ്രതിഷേധമറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ പാലോട് രവിക്ക് ഡിസിസി അധ്യക്ഷ സ്ഥാനം റിവാര്‍ഡായി നല്‍കിയിരിക്കുകയാണ്. പരാതിപ്പെട്ട തനിക്ക് സസ്‌പെന്‍ഷനാണ് നേരിടേണ്ടിവന്നത്. ഇത് പാര്‍ട്ടിയോടുള്ള കടുത്ത അനീതിയാണ്. ഈ നടപടിയിലൂടെ കെപിസിസി അധ്യക്ഷനെന്ന നിലയില്‍ കെ സുധാകരന്‍ വളരെ മോശം സന്ദേശമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതെന്നും പി എസ് പ്രശാന്ത് തുറന്നടിച്ചു.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ തെരെഞ്ഞെടുപ്പ് തോല്‍വി ഗൗരവമായി കാണുമെന്നാണ് പാലോട് രവിയുടെ പ്രസ്താവന. താഴെ തട്ടില്‍ നിന്ന് സംഘടനയെ ശക്തിപ്പെടുത്തി എടുക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ആളുകളെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഡി.സി.സി പ്രസിഡന്റ് പട്ടികയില്‍ പാലോട് രവിയുടെ പേര് വന്നപ്പോള്‍ തന്നെ പി.എസ്. പ്രശാന്ത് പരാതിയുമായി താരിഖ് അന്‍വറിനെ സമീപിച്ചിരുന്നു. പാലോട് രവിക്കെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചതിന് സസ്‌പെന്‍ഷനിലാണ് പി.എസ്. പ്രശാന്ത്. പാലോട് രവി ഡി.സി.സി. പ്രസിഡണ്ട് സ്ഥാനത്തേക്ക് വന്നാല്‍ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ നിലപാട്.

Top