മലപ്പുറം: മന്ത്രി ഇപി ജയരാജനുമായി ബന്ധപ്പെട്ട നിയമന വിവാദം കത്തിപ്പടരുമ്പോഴും എതിരാളികളും പൊതുസമൂഹവും സിപിഎമ്മിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും സോഷ്യല്‍മീഡിയയില്‍ താരമായി ഒരു കമ്മ്യൂണിസ്റ്റ്.
മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായി പാലൊളി മുഹമ്മദ് കുട്ടിക്കാണ് സോഷ്യല്‍മീഡിയയുടെ സല്യൂട്ട്.
‘സഖാക്കളുടെ യഥാര്‍ത്ഥ സഖാവ്’ എന്ന് തുടങ്ങി പാലൊളിക്ക് അനുകൂലമായി നിരവധി പോസ്റ്റുകളും കമന്റുകളുമാണ് സോഷ്യല്‍മീഡിയയില്‍ പ്രവഹിക്കുന്നത്.
മന്ത്രിയായിരുന്നപ്പോഴും പാര്‍ട്ടിയില്‍ ഉന്നത പദവി അലങ്കരിച്ചപ്പോഴും ഇടത് ഭരണത്തില്‍ യാതൊരു വഴിവിട്ട ശുപാര്‍ശകളും നടത്താത്ത വ്യക്തിയാണ് ഈ കമ്മ്യൂണിസ്റ്റ്.
1967ല്‍ പെരിന്തല്‍മണ്ണ എംഎല്‍എ ആയിരുന്ന പാലൊളി മുഹമ്മദ്കുട്ടിയുടെ അടുത്ത ബന്ധുവിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബന്ധത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു.
തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ സ്വാകാര്യ ബസ്സില്‍ കണ്ടക്ടറായി ജോലി തുടങ്ങി.
അക്കാലത്ത് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ ഇമ്പിച്ചിബാവയായിരുന്നു ഗതാഗത മന്ത്രി.
പാലൊളി ഒരുവാക്ക് പറഞ്ഞാല്‍ ബന്ധുവിന് ജോലി ഉറപ്പ്. ഇതിനായി തന്നെ സമീപിച്ച ബന്ധുവിനെ മടക്കി അയച്ച പാലൊളി നിയമവിരുദ്ധമായ ഇടപെടലിന് തനിക്കാവില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്.
ഇതേതുടര്‍ന്ന് പാലൊളിയോട് കടുത്ത ദേഷ്യം ഈ ബന്ധുവിന് ഉണ്ടായിരുന്നിട്ടും മറ്റ് ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ട് പോലും നിലപാട് മാറ്റാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
സ്വന്തക്കാര്‍ക്ക് വേണ്ടിയായാലും പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയായാലും ശുപാര്‍ശ പറയാത്ത നേതാവ്. അര്‍ഹതക്കുള്ള അംഗീകാരം ബന്ധുബലം നോക്കാതെയും പാര്‍ട്ടി കൊടി നോക്കാതെയും താനെ തേടിയെത്തുമെന്ന് വിശ്വസിച്ച നേതാവ്.അതാണ് ഈ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മഹിമ.
രണ്ടാം തവണ മന്ത്രിയായിരുന്നപ്പോള്‍ പഴ്‌സണല്‍ സ്റ്റാഫില്‍ അഞ്ച് പേരുടെ കുറവുണ്ടായിരുന്നു. വേണമെങ്കില്‍ ആളെ നിയമിക്കാമായിരുന്നു. പക്ഷേ അധിക ചെലവ് വേണ്ടെന്ന കര്‍ശന നിലപാടിലായിരുന്നു പാലൊളി.
ഒരു പ്രത്യേക സാഹചര്യത്തില്‍ പാലൊളിയുടെ രണ്ട് മക്കള്‍ക്ക് ഗള്‍ഫില്‍ നിന്നും തിരിച്ച് പോരേണ്ടി വന്നു. അദ്ദേഹം ആരൊടെങ്കിലും പറഞ്ഞാല്‍ അവര്‍ക്ക് തീര്‍ച്ചയായും ജോലി കിട്ടുമായിരുന്നു.
പക്ഷേ മലപ്പുറത്തിനടുത്ത് ചട്ടിപ്പറമ്പിലെ വീടും സ്ഥലവും വിറ്റ് പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തിനടുത്ത് കുലുക്കിലിയാട് ഭൂമി വാങ്ങി അവിടെ കൃഷി ചെയ്ത് ജിവിക്കുവാനാണ് അദ്ദേഹം മക്കളെ ഉപദേശിച്ചത്.
മറ്റൊരു സംഭവം തൃശ്ശൂര്‍ ജില്ലയിലെ ഒരു കല്ല്യാണ വീട്ടില്‍ മന്ത്രിയായിരിക്കെ പൊലീസ് അകമ്പടിയില്ലാതെ പാലൊളി പോയതാണ്.
എല്ലാവരും ബഹുമാനത്തോടെ പാലൊളിയെ സ്വീകരിച്ചു. ഭക്ഷണം കഴിച്ചതിന് ശേഷം വരന്റെ പിതാവിനോട് സംസാരിത്തിനിടക്ക് പാലൊളി ചോദിച്ചു ഗള്‍ഫിലെ ബിസിനസ്സ് എങ്ങിനെയുണ്ട്? താങ്കളുടെ കമ്പനിയില്‍ എന്റെ കൊച്ചുമോന്‍ ജോലി ചെയ്യുന്നുണ്ട്.
വിളിക്കുമ്പോള്‍ പറയാറുണ്ട് ജോലി ഇത്തിരി കടുപ്പമാണെന്ന്. ലോഡിങ് ആണ്. ഈ വിവരം കേട്ട് അത്ഭുതപ്പെട്ട വീട്ടുടമ സഖാവെ എന്ത്‌കൊണ്ട് ഈ വിവരം പറഞ്ഞില്ല, അവനെ ഉടന്‍ നല്ല ഒരു സെക്ഷനിലേക്ക് മാറ്റാം എന്ന് പറഞ്ഞു.
അതിനുള്ള പാലൊളിയുടെ മറുപടിയാണ് ശ്രദ്ധേയം.
അവന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി തന്നെ ചെയ്യട്ടെ. മറ്റുപലരും ഇതേ ജോലി ഒപ്പം ചെയ്യുന്നുണ്ടല്ലോ. പ്രത്യേക പരിഗണനയൊന്നും വേണ്ട.
കമ്മ്യൂണിസ്റ്റ് അനുഭാവമില്ലാത്ത തന്നെ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാക്കിയ മറുപടിയായിരുന്നു പാലൊളിയില്‍ നിന്ന് അന്നുണ്ടായതെന്ന് ഈ ബിസിനസ്സുകാരന്‍ ഇപ്പോഴും സുഹൃത്തുക്കളോട് പറയാറുണ്ട്.
രണ്ട് തവണ മന്ത്രിയായിരുന്നപ്പോഴും ഭാര്യ കദീജക്ക് പോലും അപൂര്‍വ്വമായി മാത്രമേ മന്ത്രി മന്ദിരത്തില്‍ താമസിക്കാന്‍ സാധിച്ചിട്ടുള്ളു.
വീട്ടുകാരെ ഔദ്യോഗിക വസതിയില്‍ താമസിപ്പിക്കുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.
അവസാനമായി പാലൊളി മത്സരിച്ച 2006ലെ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച കണക്ക്പ്രകാരം അദ്ദേഹത്തിനുണ്ടായിരുന്നത് രണ്ടരസെന്റ് ഭൂമി മാത്രമാണ്. സിപിഎം ജില്ലാ സെക്രട്ടറി,കേന്ദ്രകമ്മറ്റി അംഗം, ഇടതുമുന്നണി സംസ്ഥാന കണ്‍വീനര്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന പാലൊളി ഇപ്പോള്‍ സംസ്ഥാന കമ്മറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്.
സ്വന്തം പദവി മക്കളുടെയും ബന്ധുക്കളുടെയും പദവി ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന അഭിനവ കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് പാലൊളിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ മാതൃകാപരമായ ജീവിതം തന്നെയാണ്.