പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതുസമയവും തുറക്കാന്‍ സാധ്യത. പമ്പ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
അതേ സമയം ജലനിരപ്പ് ഉയര്‍ന്നതിനാല്‍ 10 ദിവസത്തിനുള്ളില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് 2388 അടിവരെ എത്തി. 2400 അടിയിലെത്തിയാല്‍ ഡാം തുറക്കണം. 2403 അടിയാണ് പരമാവധി സംഭരണശേഷി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളായിരിക്കും ഉയര്‍ത്തുക, വൈദ്യുതി ബോര്‍ഡ് ഇതിനു തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞു.
ജലനിരപ്പ് 2395 അടിയില്‍ എത്തിയാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള ഒരുക്കവും 2398 അടിയിലെത്തിയാല്‍ അടിയന്തര തയാറെടുപ്പും തുടങ്ങും. ഇതോടെ അണക്കെട്ടിനു സമീപം കണ്‍ട്രോള്‍ റൂമും തുറക്കും, അര മണിക്കൂര്‍ ഇടവിട്ടു ജലനിരപ്പും രേഖപ്പെടുത്താന്‍ തുടങ്ങുമെന്നും അറിയിച്ചു.