pamoil case postponed to August 12

തിരുവനന്തപുരം: തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കാനിരുന്ന് പാമോലിന്‍ അഴിമതി കേസ് ഓഗസ്റ്റ് 12 ലേക്ക് മാറ്റി.

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തിരുവനന്തപുരം കോടതി ഇന്ന് കേസ് പരിഗണിക്കാനിരുന്നത്. മുന്‍ മന്ത്രി ടി എച്ച് മുസ്തഫ ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്.

ടി എച്ച് മുസ്തഫ, ജിജി തോംസണ്‍, പി ജെ തോമസ്, പാമോലിന്‍ ഇറക്കുമതിക്ക് അനുമതി നല്‍കിയ പവര്‍ ആന്റ് എനര്‍ജി കോര്‍പ്പറേഷന്‍, ചെന്നൈ മാലാ ട്രേഡിംഗ് കോര്‍പ്പറേഷന്‍ എന്നിവയുടെ പ്രതിനിധികളായ സദാശിവന്‍, ശിവരാമകൃഷ്ണന്‍ എന്നിവരാണ് കേസില്‍ വിചാരണ നേരിടുന്ന പ്രതികള്‍.

കേസില്‍ എത്രയും വേഗം വിചാരണ നടപടികള്‍ തുടങ്ങണമെന്ന് അടുത്തിടെ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് 31 ന് കേസ് പരിഗണിച്ച തൃശൂര്‍ വിജിലന്‍സ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാനും വിചാരണാ നടപടികള്‍ വൈകിപ്പിക്കാനാകില്ലെന്നും വ്യക്തമാക്കി.

എന്നാല്‍ ജൂണ്‍ 17 ന് ഹൈക്കോടതി കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതിക്ക് വിട്ടു. കേസിലെ പ്രതിയായ പി ജെ തോമസ് ഐഎഎസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. പ്രതികള്‍ക്കെതിരായ കുറ്റംചുമത്തല്‍ ഉള്‍പ്പെടെയുള്ള തുടര്‍നടപടി തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ നടക്കാനിരിക്കെയായിരുന്നു കേസ് വീണ്ടും തിരുവനന്തപുരത്തേക്ക് മാറ്റിയത്.

കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് മുന്‍ വിജിലന്‍സ് ജഡ്ജി പി കെ ഹനീഫ 2011 ല്‍ ഉത്തരവിട്ടതിനെതിരെ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് സര്‍ക്കാര്‍ ചീഫ് വിപ്പായിരുന്ന പി സിജോര്‍ജ് ജഡ്ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

ഇതേ തുടര്‍ന്ന് പി കെ ഹനീഫയുടെ അപേക്ഷ പ്രകാരമാണ് 2011 ഒക്ടോബര്‍ 31 ന് കേസ് തൃശൂര്‍ വിജിലന്‍സ് കോടതിയിലേക്ക് ഹൈക്കോടതി മാറ്റിയത്.

പാമോലിന്‍ കേസില്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ സാധിക്കില്ലെന്നും വിചാരണ നേരിടണമെന്നും മെയ് 11 ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭക്ഷ്യമന്ത്രി ടിഎച്ച് മുസ്തഫ, ജിജി തോംസണ്‍, പിജെ തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

Top