പത്തനംതിട്ട: ശബരിമലയിലെ പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച തീര്‍ത്ഥാടകര്‍ക്കെതിരെ പമ്പാ പൊലീസ് കേസെടുത്തു. കര്‍ണാടക, ആന്ധ്രപ്രദേശ് സ്വദേശികളായ 10 തീര്‍ത്ഥാടകര്‍ക്കെതിരെയാണ് കേസെടുത്തത്.
പമ്പാ നദി മലിനമാക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് നടപടി. ഇതാദ്യമായിട്ടാണ് തീര്‍ത്ഥാടകര്‍ക്കെതിരെ കേസെടുക്കുന്നത്.
വസ്ത്രങ്ങള്‍ ഒഴുക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇവിടെ അധികൃതര്‍ സ്ഥാപിച്ചിട്ടില്ല. എന്നാല്‍ മണ്ഡലകാലം ആരംഭിച്ചതു മുതല്‍ പമ്പയിലും ശബരിമലയുടെ പരിസരങ്ങളിലും മലിനമാകാതെയിരിക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു.
തീര്‍ത്ഥാടകര്‍ക്കും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. പമ്പയില്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അടക്കം തീര്‍ത്ഥാടകര്‍ ഉപേക്ഷിക്കുന്നത് പതിവാണ്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.