തൃശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളെജിനെതിരെ ഗുരുതര ആരോപണങ്ങള്‍. വിദ്യാര്‍ത്ഥികളെ മര്‍ദിക്കാനായി ഇടിമുറിയുണ്ടെന്ന് വിദ്യാര്‍ത്ഥികളുടെ സാക്ഷ്യപ്പെടുത്തല്‍.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടന്നാല്‍ നൊട്ടോറിയല്‍സ് പട്ടികയിലുള്‍പ്പെടുത്തി മാനസികമായി പീഡിപ്പിക്കും. ഷേവ് ചെയ്യാത്തതിനടക്കം ഭീഷണിപ്പെടുത്തി പിഴയീടാക്കുകയും പരീക്ഷ എഴുതിപ്പിക്കാതിരിക്കുകയും ചെയ്യുന്നത് പതിവാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിദ്യാര്‍ത്ഥികളെ ശീരീരികമായി ഉപദ്രവിക്കാന്‍ കോളേജിനുള്ളില്‍ ഇടിമുറിയെന്നത് വെറും ആരോപണമല്ലെന്നും യാഥാര്‍ഥ്യമാണെന്നും വിദ്യാര്‍ത്ഥികള്‍ ഉറപ്പിച്ചു പറയുന്നു. ഇടിമുറിക്കപ്പുറം അലിഖിത നിയമങ്ങളുടെ കടന്നുകയറ്റവും ക്യാംപസിലുണ്ട്. അതിലൊന്നാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കുന്നതിനും മിണ്ടുന്നതിനുമുള്ള അപ്രഖ്യാപിത വിലക്ക്.
മൊബൈല്‍ ഉപയോഗിച്ചാലും, അസുഖത്തിന് അവധിയെടുത്താല്‍ പോലും യാതൊരു രേഖയുമില്ലാതെ പിഴയീടാക്കും. പിഴ നല്‍കിയില്ലങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കാതെ തോല്‍പ്പിക്കുന്നതും ഡീബാര്‍ ചെയ്യുന്നതും പതിവാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.