ജമ്മു: ജമ്മു കശ്മീരിലെ പാംപോറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജമാത്ത് ഉദ്ദാവ മേധാവി ഹാഫിസ് സയ്ദിന്റെ മരുമകന്‍ ഖാലിദ് വലീദ് ആണെന്ന് റിപ്പോര്‍ട്ട്.
പാക് തീവ്രവാദികള്‍ക്ക് സംഭവത്തിലുള്ള പങ്കു വ്യക്തമാകുന്ന തെളിവുകള്‍ ഇന്റലിജന്‍സ് ഏജന്‍സിക്കും ജമ്മു കശ്മീര്‍ പോലീസിനും ലഭിച്ചു കഴിഞ്ഞു.
ഖാലിദ് വലീദിന് പുറമെ സഹായികളായ ഹന്‍സ്ല അദ്‌നാന്‍, സാജിദ് ജാത്ത് എന്നിവരും ആക്രമണത്തില്‍ പങ്കാളികളാണെന്നാണ് രഹസ്യന്വേഷണ വിഭാഗം പറയുന്നത്. ലഷ്‌കര്‍ ഇതൊയ്ബ നേതാവായ അബു ദുജാനയാണ് ആക്രമണത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തത്.
വര്‍ഷങ്ങളായി ജമാത്ത് ഉദ് ദാവയുമായ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഖാലിദ് വലീദ് ലഷ്‌കര്‍ ഇതൊയ്ബയുടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പാംപോറില്‍ ജൂണ്‍ 25 നാണ് സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം നടന്നത്. ലത്ത്‌പോരയിലെ പരിശീലനത്തിനു ശേഷം ക്യാമ്പിലേക്ക് മടങ്ങുകയായിരുന്ന സി.ആര്‍.പി.എഫിന്റെ ബസിനു നേരെയായിരുന്നു ഭീകരവാദികള്‍ വെടിയുതിര്‍ത്തത്.
ആക്രമണത്തില്‍ സിആര്‍പിഎഫിന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുള്‍പ്പെടെ എട്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. 22 ജവാന്‍മാര്‍ക്ക് പരിക്കേറ്റു.