ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നലെയാണ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കോംപ്ലക്‌സിനുള്ളില്‍ തീവ്രവാദികള്‍ കടന്നത്. കെട്ടിടത്തിനുള്ളില്‍ മൂന്ന് ഭീകരര്‍ ഉണ്ടെന്നാണ് നിഗമനം.
ബഹുനില കെട്ടിടത്തില്‍ നിന്നും തീവ്രവാദികളെ പുറത്തുചാടിക്കാനും അല്ലെങ്കില്‍ കൊന്നൊടുക്കാനുമായി സൈന്യം വന്‍ ആയുധങ്ങളാണ് ഉപയോഗിക്കുന്നത്. പുലര്‍ച്ചെയും വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ പ്രദേശത്തുനിന്നും കേട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍
കെട്ടിടത്തിന്റെ ആറു, ഏഴു നിലകളില്‍ കയറികൂടിയ തീവ്രവാദികള്‍ അകത്തു കിടക്കുന്ന ഫര്‍ണീച്ചറുകളാണ് ബാരിക്കേടുകളായി ഉപയോഗിക്കുന്നത്. തിങ്കളാഴ്ച നടന്ന വെടിവയ്പില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. കാശ്മീര്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇതിനാല്‍ ആക്രമണം നടക്കുന്ന സമയം വിദ്യാര്‍ത്ഥികളാരും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല.
അകത്തുണ്ടായിരുന്ന പാചകകാരെ സുരക്ഷിതമായി സേന പുറത്തെത്തിച്ചിട്ടുണ്ട്. ഇതേ കെട്ടിടത്തില്‍ രണ്ടാം തവണയാണ് ഈ വര്‍ഷം ആക്രമണം. ഫെബ്രുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡോകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു.