പാന്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തീയതി നാളെ, ബന്ധിപ്പിച്ചില്ലെങ്കില്‍ 1000 രൂപ പിഴ

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി നാളെ(2022 മാര്‍ച്ച് 31). വ്യാഴാഴ്ചക്കകം പാന്‍കാര്‍ഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകര്‍ക്ക് 500 മുതല്‍ 1000 രൂപ വരെ പിഴ നല്‍കേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നല്‍കി. സമയപരിധി കഴിഞ്ഞാല്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാകുവാനും സാധ്യതയുണ്ട്.

മാര്‍ച്ച് 31ന് ശേഷം ആദ്യ മൂന്ന് മാസത്തേക്ക് 500 രൂപ നല്‍കി പാന്‍-ആധാര്‍ ലിങ്കിങ് പൂര്‍ത്തീകരിക്കാം. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഈ തുക ഇരട്ടിയാകും. പിന്നീട് ലിങ്കിങ് പൂര്‍ത്തീകരിക്കാന്‍ 1000 രൂപ പിഴ നല്‍കേണ്ടിവരുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്(സിബിഡിടി) അറിയിപ്പില്‍ വ്യക്തമാക്കി. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും. ആദായ നികുതി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ലിങ്കിങ് പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സിബിഡിടി വ്യക്തമാക്കി.

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 30 ആയിരുന്നു. എന്നാല്‍ പ്രക്രിയ പൂര്‍ണ്ണമാവാത്തതിനാല്‍ ഇതിന്റെ സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍, നിക്ഷേപം, ബാങ്ക് അക്കൗണ്ട് തുറക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നമ്പര്‍ ആവശ്യമാണ്. അതിനാല്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ സാമ്പത്തിക ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. മറ്റൊരു പാന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ ആകില്ല. ഇതുവഴി പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനോ, വസ്തു വില്‍ക്കാനോ വാങ്ങാനോ, സാധിക്കാത്ത അവസ്ഥയുണ്ടാകും. പാന്‍കാര്‍ഡ് ഇല്ലെങ്കില്‍ ഉയര്‍ന്ന ടിഡിഎസ് ഈടാക്കാനും സാധ്യതയുണ്ട്.

Top