ഇന്ത്യൻ സിനിമയുടെ ഗതിയെ തന്നെ, ഇപ്പോൾ നിയന്ത്രിക്കുന്നത്, തെന്നിന്ത്യൻ സിനിമാലോകമാണ്. മുൻപ് ശങ്കർ സിനിമകളിലൂടെയാണ് ബോളിവുഡിനെ തെന്നിന്ത്യ ഞെട്ടിച്ചതെങ്കിൽ, ഇപ്പോൾ രാജമൗലിയും, പ്രശാന്ത് നീലും, നെൽസണുമെല്ലാം… പാൻ ഇന്ത്യൻ സിനിമകളിലൂടെ പുതിയ ചരിത്രമാണ് രചിച്ചിരിക്കുന്നത്. ബാഹുബലിയിലൂടെ രാജമൗലി അഴിച്ചു വിട്ട കൊടുങ്കാറ്റ്, ആർ.ആർ.ആറിൽ എത്തി നിൽക്കുമ്പോൾ, ഇതിനകം ആ സിനിമ നേടിയിരിക്കുന്നത്, ആയിരം കോടിക്കും മീതെയാണ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും… വൻ സ്വീകരണമാണ് ഈ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 13 ന് പുറത്തിറങ്ങുന്ന ബീസ്റ്റും,14 ന് പുറത്തിറങ്ങുന്ന കെ.ജി.എഫ് 2വും, ഇതു പോലെ തന്നെ, വലിയ പ്രതീക്ഷ നൽകുന്ന ബ്രഹ്മാണ്ട സിനിമകളാണ്. ആർ.ആർ.ആറിൻ്റെ റെക്കോർഡ് ആരു തകർക്കുമെന്നതാണിപ്പോൾ, സിനിമാലോകവും ഉറ്റു നോക്കുന്നത്. കെ.ജി.എഫ് ചാപ്റ്റർ ടു, സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. ചാപ്റ്റർ വണ്ണിൻ്റെ വലിയ വിജയമാണ്, ഈ പ്രതീക്ഷയ്ക്കും ആധാരം. യഷ് നായകനാകുന്ന ഈ ചിത്രം, പ്രതീക്ഷക്കൊത്തു ഉയരുമെന്നു തന്നെയാണ് പൊതു വിലയിരുത്തൽ. ബോളിവുഡ് താരം സഞ്ജയ ദത്ത് പ്രധാന വില്ലനായി എത്തുന്നു എന്നതാണ്, കെ.ജി.എഫ് 2 വിൻ്റെ പ്രത്യേകത.രവീണ ടണ്ടൻ ഉൾപ്പെടെയുള്ള നിരവധി ബോളിവുഡ് താരങ്ങളും, ഈ സിനിമയിൽ തകർത്തു അഭിനയിച്ചിട്ടുണ്ട്. ബീസ്റ്റാകട്ടെ, നൂറു ശതമാനവും ഒരു വിജയ് സിനിമയാണ്. ദളപതിയോടുള്ള സംവിധായകൻ്റെ ആരാധനയിൽ പിറന്ന സിനിമയാണിത്. വിജയ് ഇല്ലായിരുന്നെങ്കിൽ, ഈ സിനിമ താൻ ഒരിക്കലും ചെയ്യില്ലായിരുന്നു എന്നാണ്, സംവിധായകനും വെളിപ്പെടുത്തിയിരിക്കുന്നത്. സ്വർണ്ണഖനിയും, അധോലോക സംഘങ്ങളുടെ വിളയാട്ടവുമാണ്, കെ.ജി.എഫ് പറയുന്നതെങ്കിൽ, തീവ്രവാദികൾക്കെതിരായ മിന്നൽ ഓപ്പറേഷൻ്റെ കഥയാണ്, ബീസ്റ്റ് സിനിമ പറയുന്നത്. രണ്ടു സിനിമകളിലും, ഗവൺമെൻ്റ് ഓഫ് ഇന്ത്യയുടെ ഓപ്പറേഷൻസിനും, നിർണ്ണായക റോളാണുള്ളത്.
ബീസ്റ്റിനെയും, കെ.ജി.എഫിനെയും ആർ.ആർ.ആറിനെയും താരതമ്യപ്പെടുത്തുമ്പോൾ, വൻ തുക ചിലവിട്ട് നിർമ്മിച്ചിരിക്കുന്നത്, ആർ.ആർ.ആറും കെ.ജി.എഫും മാത്രമാണ്. ഈ രണ്ടു സിനിമകളിലെയും യാർത്ഥ ഹീറോകളാകട്ടെ, സംവിധായകരുമണ്. പ്രേക്ഷകരെ തിയറ്ററിലേക്ക് ആകർഷിക്കുന്നതും, ഈ പേരുകൾ തന്നെയാണ്. ആർ.ആർ.ആറിലും, കെ.ജി.എഫ് ചാപ്റ്റർ ടുവിലും, രണ്ടാമതായി മാത്രമേ, താരങ്ങൾക്ക് പ്രസക്തിയൊള്ളു. ഏത് താരത്തെ മുൻനിർത്തി ഈ കഥ പറഞ്ഞാലും, ജയിക്കുമെന്നത് ഉറപ്പ്. രാജ്യം കണ്ട സംവിധായക മിടുക്കിൻ്റെ പ്രത്യേകതയാണിത്.
എന്നാൽ, ബീസ്റ്റിനെ നമുക്കു ഒരിക്കലും, അങ്ങനെ വിലയിരുത്താൻ കഴിയുകയില്ല. വിജയ് എന്ന സൂപ്പർ താരത്തെ മുൻ നിർത്തിയാണ്, ഇവിടെ സംവിധായകൻ ‘കളം’ വരച്ചിരിക്കുന്നത്. ‘പോക്കിരി’ സിനിമയിലെ ദളപതിയെ മുൻ നിർത്തി ഒരുക്കിയ കഥാപാത്രമാണിത്. ‘പോക്കിരിക്കും’ മീതെയാണ് ബീസ്റ്റിലെ വിജയ് എന്നു, നെൽസൺ പറയുമ്പോൾ, അതു നൽകുന്ന പ്രതീക്ഷകളും, വളരെ വലുതാണ്… മാളും.. ഹൈജാക്കും എന്നതിനപ്പുറം… മറ്റു പലതും, ബീസ്റ്റിലുണ്ടെന്നതും വ്യക്തമാണ്. ബീസ്റ്റ് ഒരു ശരാശരി സിനിമ ആയാൽ പോലും, ആദ്യ ദിവസം അവർ നേടാൻ പോകുന്നത്, വമ്പൻ കളക്ഷനാണ്. ഇത്തരമൊരു സാഹചര്യത്തിൽ, സിനിമ സൂപ്പർ ഹിറ്റായാൽ, റെക്കാർഡ് കളക്ഷനാണ് ഉണ്ടാവുക. അതു സംഭവിച്ചാൽ, പാൻ ഇന്ത്യൻ സൂപ്പർസ്റ്റാറായി വിജയ് മാറും. ഇപ്പോൾ തന്നെ, 100 കോടിയാണ് വിജയ് വാങ്ങുന്ന പ്രതിഫലം. ബീസ്റ്റ് വമ്പൻ ഹിറ്റായാൽ, അദ്ദേഹത്തിൻ്റെ പ്രതിഫലവും, അതോടൊപ്പം തന്നെ കുതിച്ചുയരും. രാജ്യത്തെ മറ്റേതു താരവും ആഗ്രഹിക്കുന്ന, സ്വപ്ന തുല്യമായ നേട്ടമാണിത്. ആർ.ആർ.ആറും, കെ.ജി.എഫും… എത്ര കോടികൾ വാരിയാലും, അതിൽ അഭിനയിച്ച താരങ്ങളെ സംബന്ധിച്ച്, ഈ നേട്ടം കൊയ്യാൻ കഴിയുകയില്ല. ബാഹുബലിയിലൂടെ പാൻ ഇന്ത്യൻ താരമായ പ്രഭാസിനു സംഭവിച്ചത് തന്നെ, ഇതിനു ഉദാഹരണമാണ്. നിലനിൽക്കുന്ന താരമൂല്യത്തിനാണ് പ്രസക്തി.ഇതു തന്നെയാണ്, ദളപതിയും മറ്റു താരങ്ങളും തമ്മിലുള്ള വ്യത്യാസം. പ്രാദേശിക ഭാഷയിൽ നിന്നുയർന്ന്, ഇതു പോലൊരു നേട്ടമുണ്ടാക്കാൻ, സാക്ഷാൽ രജനീകാന്തിനു പോലും സാധിച്ചിട്ടില്ല. ബോളിവുഡ് സൂപ്പർ താരം, ഷാരൂഖ് ഖാനെ പോലും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ്, ചെറിയ പ്രായത്തിൽ തന്നെ, ദളപതി വിജയ് ഇപ്പോൾ കരസ്ഥമാക്കിയിരിക്കുന്നത്. തമിഴ് നാട്ടിനു പുറമെ, കേരളം, കർണ്ണാടക, പോണ്ടിച്ചേരി, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലും, ശക്തമായ ആരാധക പിന്തുണ ദളപതിക്കുണ്ട്. ബീസ്റ്റ് സിനിമയിലൂടെ ഉത്തരേന്ത്യയിലും പിടിമുറുക്കാൻ അദ്ദേഹത്തിനു കഴിയുമെന്നാണ്, സിനിമാ ലോകവും പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്കു പുറത്ത്, സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക, ബ്രിട്ടൺ, അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ എന്നിവടങ്ങളിലും, വിജയ് സൂപ്പർ ഹീറോയാണ്. ഈ രാജ്യങ്ങളിൽ നിന്നും, ബീസ്റ്റിനു വലിയ കളക്ഷനാണ് നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്.
അതേസമയം, ബീസ്റ്റിന്… കുവൈറ്റും ഖത്തറും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സിനിമയുടെ കളക്ഷനെ ബാധിക്കുമെങ്കിലും, കൂടുതൽ പേരിലേക്ക് സിനിമയുടെ സന്ദേശം എത്താനും കാരണമായിട്ടുണ്ട്.
വിജയ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസാണ്, ബീസ്റ്റിലൂടെ നടക്കുവാൻ പോകുന്നത്.
പാകിസ്ഥാനെതിരായ ചില സംഭാഷണങ്ങൾ അടങ്ങിയതിനാലാണ്, ബീസ്റ്റ്’ റിലീസ് ചെയ്യുന്നതിന്… കുവൈറ്റ്, ഖത്തർ സർക്കാറുകൾ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, മറ്റു പ്രധാന ഗൾഫ് രാജ്യങ്ങളായ, യുഎഇ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ, സിനിമയ്ക്ക് പ്രദർശന വിലയ്ക്കില്ലന്നതും, ശ്രദ്ധേയമാണ്. ബീസ്റ്റിൻ്റെ ബുക്കിങ്ങ് ആരംഭിച്ച സ്ഥലങ്ങളിലെല്ലാം, നിമിഷ നേരം കൊണ്ടാണ് ടിക്കറ്റുകളെല്ലാം വിറ്റു പോയിരിക്കുന്നത്. ബീസ്റ്റും കെജിഎഫും റിലീസ് ചെയ്യപ്പെടുന്നതോടെ, പുതിയ ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുക. അതാകട്ടെ, തെന്നിന്ത്യൻ സിനിമാ മേഖലയ്ക്ക് ആകെയാണ് നേട്ടമാകുക…