പനങ്ങാട് പോലീസ് സ്റ്റേഷനിൽ നടന്ന സംഭവം, കേരള പൊലീസിനു തന്നെ അപമാനമാണ്. ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ്.ഐ. പരുഷമായി പെരുമാറിയെന്നാണ് ആ സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ (സി.പി. ഒ) ആരോപിച്ചിരിക്കുന്നത്. തുടർന്ന് ഈ പോലീസുകാരി സ്റ്റേഷനിലുള്ളിലെ വിശ്രമമുറിയിൽ കയറി കതകടച്ച് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയുമാണ് മുൾമുനയിൽ നിർത്തിയിരിക്കുന്നത്.
ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് എസ്.ഐ. ഉൾപ്പെടെയുള്ളവർ ചേർന്ന് മുറി ചവിട്ടിത്തുറക്കേണ്ട അസാധാരണ സാഹചര്യവും പനങ്ങാട് പോലീസ് സ്റ്റേഷനിൽ ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ. ജിൻസൺ ഡൊമിനിക്കിനെതിരേ സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ യഥാർത്ഥത്തിൽ ആദ്യം നടപടി സ്വീകരിക്കേണ്ടത് പോലീസ് സ്റ്റേഷനിലെ മുറിയിൽ കയറി കതകടച്ചിരുന്ന പോലീസുകാരിക്ക് എതിരെയാണ്. എസ്.ഐ യുടെ ഭാഗത്ത് നിന്നും ഏത് തരം പെരുമാറ്റം ഉണ്ടായാലും, അത് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യാനുള്ള ബാധ്യത ആ പോലീസുകാരിക്കുണ്ട്. അത് നിറവേറ്റാതെ മുറിയിൽ കയറി വാതിലടച്ചതും, ഒരു തരം ഭീഷണി തന്നെയാണ്. അച്ചടക്കമുള്ള ഒരു സേനാംഗത്തിനു ചേർന്ന ഏർപ്പാടല്ല ഇത്. പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഔദ്യോഗിക ജോലി സംബന്ധമായ ചില തർക്കമാണ് എസ്.ഐയും പോലീസുകാരിയും തമ്മിൽ ഉണ്ടായിരിക്കുന്നത്. ഇത് പുറത്ത് അറിയിക്കാതെ പരിഹാരം ഉണ്ടാക്കുകയായിരുന്നു ഉത്തരവാദിത്വപ്പെട്ടവർ ചെയ്യേണ്ടിയിരുന്നത്. ഇതിനു പകരം വിഷയം കത്തിച്ചു നിർത്താൻ മാധ്യമങ്ങളിൽ വാർത്ത വരുത്തിയതിനു പിന്നിലും പ്രത്യേക അജണ്ട തന്നെ പ്രവർത്തിച്ചിട്ടുണ്ട്. അതിനു പിന്നിലെ കരങ്ങൾ ഉൾപ്പെടെ കൊച്ചി സിറ്റി പൊലീസ് ഉന്നതർ കണ്ടെത്തേണ്ടത്.ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ചുമതലപ്പെട്ട പോലീസ് സേനയിൽ ആര് ഭിന്നിപ്പു സൃഷ്ടിക്കാൻ ശ്രമിച്ചാലും, അതിനെ ഗൗരവമായി ആഭ്യന്തര വകുപ്പും കണ്ടത്തേണ്ടതുണ്ട്.
ജനുവരി 14 ശനിയാഴ്ച രാവിലെയാണ് സ്റ്റേഷനിൽ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. ഓരോ ദിവസവും പോലീസുകാർക്ക് ഡ്യൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ, എസ്.ഐ. പരുഷമായി പെരുമാറി എന്നാണ് വനിതാ പോലീസുകാരിയുടെ പരാതി. മാത്രമല്ല, എസ്.ഐ. ക്യാബിനിൽ നിന്ന് ഇറക്കിവിട്ടെന്നും ഇവർ തുറന്നടിച്ചിട്ടുണ്ട്. ഇതിന്റെ വിഷമത്തിലാണ് തൊട്ടടുത്തുള്ള വിശ്രമമുറിയിൽ കയറി വാതിൽ അടച്ചതത്രെ. സഹപ്രവർത്തകർ നിരന്തരം വിളിച്ചിട്ടും ഏറെ നേരത്തിനു ശേഷവും ഇവർ വാതിൽ തുറന്നിരുന്നില്ല. തുടർന്നാണ് എസ്.ഐയും മറ്റു രണ്ടുപേരും ചേർന്ന് മുറി ചവിട്ടിത്തുറന്നത്, ഉള്ളിൽ വനിതാ സി.പി.ഒ. വിഷമിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. സംഭവം വിവാദമായതോടെ ഡെപ്യൂട്ടി കമ്മിഷണറുടെ അടക്കം നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, വിഷയത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എ.സി.പിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്റ്റേഷനിലെ എസ്.ഐയും ചില പോലീസുകാരുമായി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിന്നിരുന്നതായും , ഇതിന്റെ ഭാഗമായാണ് ഇപ്പോഴതത്തെ സംഭവമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്ന വിവരങ്ങളാണിത്. എന്താണ് പനങ്ങാട് പോലീസ് സ്റ്റേഷനിൽ നടന്നത് എന്നതിന് വ്യക്തവും കൃത്യവുമായ മറുപടിയാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടത്. പനങ്ങാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മാത്രമായി അധിക ജോലിയോ, പ്രത്യേക പരിഗണനയോ ഉണ്ടാകേണ്ട ഒരു കാര്യവുമില്ല. മറ്റെല്ലാ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ പോലെ തന്നെ അവരും , അച്ചടക്കത്തോടെ ജോലി ചെയ്യാൻ ബാധ്യസ്ഥരാണ്.
അതേസമയം, എസ്.ഐയുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ തീർച്ചയായും അത് പരിശോധിക്കപ്പെടുക തന്നെ വേണം. എന്നാൽ, മറുഭാഗത്താണ് തെറ്റെങ്കിൽ, അവിടെയും നടപടി സ്വീകരിച്ചു പോകേണ്ടതുണ്ട്. തെറ്റ് ആരുടെ ഭാഗത്തായാലും പ്രതിഷേധിക്കാൻ പോലീസ് സ്റ്റേഷന്റെ മുറിയുടെ കതകടച്ചിടുന്ന രീതിയെ ഒരു കാരണവശാലും പോത്സാഹിപ്പിക്കാൻ കഴിയുകയില്ല. സാഹചര്യം ആവശ്യപ്പെട്ടാൽ , ഏത് സമയവും എവിടെയും പ്രവർത്തിക്കാൻ നിർബന്ധിതമാകുന്ന സേനയാണ് കേരള പോലീസ് . മേലുദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാൻ കീഴുദ്യോഗസ്ഥർക്ക് തീർച്ചയായും ബാധ്യതയുമുണ്ട്. അച്ചടക്കത്തിൽ മാത്രം നിലനിന്നു പോകുന്ന സേനയാണ് ഇതെന്നതും നാം മറന്നു പോകരുത്.
മുറിയുടെ വാതിൽ അടച്ച്, കൊച്ചു കുട്ടികളുടെയും ദുർബല മനസ്സുള്ളവരുടെയും മാനസികാവസ്ഥയിലേക്ക് കാക്കിയിട്ട ഏത് വ്യക്തി പോയാലും, അവരെ ഈ പണിക്ക് എന്തായാലും പറ്റുകയില്ല. അതെന്തായാലും ഈ ഘട്ടത്തിൽ പറയാതെ വയ്യ . . .
EXPRESS KERALA VIEW