പാണക്കാട് പരാമര്‍ശം; വിജയരാഘവന്റെ പ്രസ്താവന മുന്നണിയെ ബാധിക്കില്ലെന്ന് കാനം

kanam rajendran

തിരുവനന്തപുരം: പാണക്കാട് പ്രസ്താവനയില്‍ എ വിജയരാഘവനെ പിന്തുണയ്ക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിജയരാഘവന്‍ ലീഗിനെതിരെ നടത്തിയ പരാമര്‍ശം മുന്നണിയെ ബാധിക്കില്ല. അത്തരം പ്രതികരണങ്ങള്‍ വേണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. എല്‍ഡിഎഫ് മതനിരപേക്ഷതയാണ് സ്വീകരിക്കുന്നത്. വര്‍ഗ്ഗീയത രാഷ്ട്രീയത്തില്‍ കൊണ്ടു വരുന്നത് നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും കാനം വ്യക്തമാക്കി. ഇത്തവണ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമായിരുന്നു സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന.എന്നാല്‍, പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പിന് മുന്‍പ് ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടതായാണ് വിവരം.

 

 

Top