കള്ളപ്പണക്കേസ്; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

panakkad-thangal

കോഴിക്കോട്: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ഇടയില്ല. ചികിത്സയിലുള്ള അദ്ദേഹം അനാരോഗ്യം കാരണം ഹാജരാകാന്‍ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം ചന്ദ്രിക ഫിനാന്‍സ് മാനേജര്‍ സമീര്‍ കൊച്ചിയില്‍ ഇഡി ഓഫീസില്‍ ഹാജരായേക്കും. ബുധനാഴ്ചയാണ് ഇഡി ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തി ഹൈദരലി തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.

ചന്ദ്രികയുടെ വരിസംഖ്യയാണ് കൊച്ചിയിലെ ബാങ്കില്‍ നിക്ഷേപിച്ചതെന്നാണ് ലീഗിന്റെ വിശദീകരണം. അതേസമയം പണമിടപാടുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ മകന്‍ മുയീന്‍ അലി തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഉണ്ടായേക്കും.

ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പാണക്കാട് എത്തി ഇ.ഡി ഉദ്യോഗസ്ഥര്‍ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നിലവില്‍ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പണത്തിന്റെ ഉറവിടം തെളിയിക്കുന്ന എല്ലാ രേഖകളും ഹാജരാക്കിയതായും മുസ്ലീം ലീഗ് അഭിഭാഷകന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Top