മലപ്പുറം: മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്നത് യാഥാർത്ഥ്യമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. സിപിഎമ്മിൻറെ മാത്രമല്ല, കേരളത്തിൻറെയാകെ അഭിപ്രായമാണത്. എം വി ഗോവിന്ദൻ പറഞ്ഞത് ക്ഷണമായി കാണുന്നില്ല. ലീഗ് യുഡിഎഫിൻറെ അവിഭാജ്യ ഘടകമാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ലീഗ് വർഗീയ കക്ഷിയല്ലെന്നും മികച്ച ജനാധിപത്യ പാർട്ടിയെന്നും എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞത് എൽഡിഎഫിലേക്കുള്ള ക്ഷണമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ കരുതലോടെയായിരുന്നു ഇക്കാര്യത്തിൽ ലീഗിൻറെ പ്രതികരണം.
എം വി ഗോവിന്ദൻറെ പ്രസ്താവനയ്ക്ക് മറ്റ് വ്യാഖാനം നൽകേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് ജാഗ്രത കാണിക്കണമെന്ന നിലപാട് മുസ്ലിം ലീഗ് ആവർത്തിച്ചു. പ്രധാനപ്പെട്ട വിഷയമാണിതെന്ന് കോൺഗ്രസ് ഉൾപ്പടെ എല്ലാ കക്ഷികളും മനസ്സിലാക്കണമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു