റായ്പൂര്‍: ഛത്തിസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ മകനും ബി.ജെ.പി എം.പിയുമായ അഭിഷേക് സിംഗിന് പനാമയില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജയ്‌റാം രമേശിന്റെ ആരോപണം സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും വിവാദത്തിന്റെ തിരികൊളുത്തി.
ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പനാമ കള്ളപണ നിക്ഷേപത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാവ് ആരോപണം ഉന്നയിച്ചത്.
ഡോ:രമണ്‍ സിംഗിന്റെ മകനായ അഭിഷേക് സിംഗിന് ഖ്വസ്റ്റ് ഹൈറ്റ്‌സ് ലിമിറ്റഡില്‍ ഓഹരിയുണ്ട്. അതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നാണ് അദ്ദേഹം പറഞ്ഞത്. മുമ്പ് എ.എപി നേതാവായിരുന്ന പ്രശാന്ത് ഭൂഷണും ഇതേ ആരോപണം അഭിഷേകിനെതിരെ ഉന്നയിച്ചിരുന്നു.
എന്നാല്‍ അഭിഷേകിന് ഒരു വിദേശ അക്കൗണ്ടുകളും ഇല്ലെന്നു പറഞ്ഞ് മുഖ്യമന്ത്രിയും മകനും ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇന്ത്യക്കാരുടെ കള്ളപണ നിക്ഷേപത്തെ കുറിച്ചും അക്കൗണ്ടുകളെ കുറിച്ചും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തികൊണ്ടിരിക്കുകയാണെന്ന് മുമ്പ് ഒരു പ്രസ്താവനയില്‍ അഭിഷേക് പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെയും മകനെയും അപകീര്‍ത്തി പെടുത്താന്‍ കോണ്‍ഗ്രസ് നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഒരു അടിസ്ഥാനവുമില്ലാത്ത ഈ ആരോപണങ്ങളുടെ പിന്നിലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രാംസേവക് പയീക്കര്‍ പറഞ്ഞു. ആറു മാസം മുമ്പേ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം ഇതുവരെ ആരോപണം സ്ഥാപിക്കാനുള്ള തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് സംസ്ഥാന ബി.ജെ.പി വക്താവും പറഞ്ഞു