ന്യൂഡല്‍ഹി: നികുതി വെട്ടിപ്പ് നടത്താന്‍ വിദേശകമ്പനികള്‍ തുടങ്ങിയതില്‍ അമിതാഭ് ബച്ചനെതിരെ കൂടുതല്‍ തെളിവുകള്‍. ബച്ചന്‍ കമ്പനി യോഗത്തില്‍ പങ്കെടുത്തതായുള്ള രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതു സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. വിദേശത്തുള്ള നാല് ഓഫ്‌ഷോര്‍ കമ്പനികളില്‍ അമിതാഭ് ബച്ചന്‍ ഡയറക്ടറായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
1993നും 1997നും ഇടയിലാണ് നാല് കമ്പനികളിലും അദ്ദേഹം ഡയറക്ടറായിരുന്നത്. എന്നാല്‍ ആരോപണം ബച്ചന്‍ നിഷേധിക്കുകയും തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് ഓഫ്‌ഷോര്‍ കമ്പനികളുടെ ബോര്‍ഡ് യോഗങ്ങളില്‍ ബച്ചന്‍ ടെലിഫോണ്‍ കോണ്‍ഫറണ്‍സിലൂടെ പങ്കെടുത്തതായാണ് പുതിയ രേഖകള്‍ വ്യക്തമാക്കുന്നത്.
ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത സീ ബള്‍ക് ഷിപ്പിങ് കമ്പനി, ബഹാമാസില്‍ രജിസ്റ്റര്‍ ചെയ്ത ട്രാംപ് ഷിപ്പിങ് ലിമിറ്റഡ് എന്നീ കമ്പനികളുടെ യോഗങ്ങളില്‍ പങ്കെടുത്തതായാണ് രേഖകള്‍. 1994 ഡിസംബര്‍ 12നാണ് യോഗം ചേര്‍ന്നിരിക്കുന്നത്. സെന്റ് ജെഴ്‌സിയിലെ എസ്പ്ലാന്റെ ഹോട്ടലിലാണ് യോഗം നടന്നത്.
1995ല്‍ അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍) എന്ന പേരില്‍ കമ്പനി തുടങ്ങുന്നതിന് രണ്ട് വര്‍ഷം മുമ്പ് ബച്ഛന്‍ നാല് ഓഫ്‌ഷോര്‍ ഷിപ്പിങ് കമ്പനികളുടെ ഡയറക്ടറായാണ് നിയമിതനായത്. മൊസ്സാക് ഫൊന്‍സെകയുടെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം നികുതി വെട്ടിപ്പിന് ഏറ്റവും നല്ലയിടങ്ങളായ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്‌ലും ബഹാമാസിലുമായി 1993ലാണ് ഈ കമ്പനികള്‍ രജ്‌സിറ്റര്‍ ചെയ്തിരിക്കുന്നത്.
ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ രജിസ്റ്റര്‍ ചെയ്ത സീ ബള്‍ക് ഷിപ്പിങ് കമ്പനി, ബഹാമാസില്‍ രജിസ്റ്റര്‍ ചെയ്ത ലേഡി ഷിപ്പിങ് ലിമിറ്റഡ്, ട്രെഷര്‍ ഷിപ്പിങ് ലിമിറ്റഡ്, ട്രാംപ് ഷിപ്പിങ് ലിമിറ്റഡ് എന്നീ കമ്പനികളുടെ മൂല്യം 5000 മുതല്‍ 50000 ഡോളര്‍ വരെയാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഇവ ദശലക്ഷക്കണക്കിന് ഡോളറിന്റെ കച്ചവടമാണ് നടത്തിയത്. നാല് കമ്പനികളുടെയും മാനേജിങ് ഡയറക്ടറാണ് ബച്ഛന്‍.
മറ്റു ഡയറക്ടര്‍മാരാണ് സാമ്പത്തിക, കോര്‍പറേറ്റ് സേവനങ്ങള്‍ നല്‍കിയിരുന്നത്. നാല് കമ്പനികള്‍ക്കും വാറന്റ് സെക്രട്ടറീസ് ലിമിറ്റഡാണ് കമ്പനി സെക്രട്ടറിമാരെ നിയമിച്ചിരിക്കുന്നത്. വാറന്റ് നോമിനീസ് ലിമിറ്റഡിനും വാറന്റ് സര്‍വീസസ് ലിമിറ്റഡിനും 500 വീതം ഷെയറുകളുണ്ട്. സ്ഥാപക ഡയറക്ടര്‍മാരായ ഉമേഷ് സഹായ്, ഡേവിഡ് മിഷേല്‍ പെറ്റ് എന്നിവര്‍ ചേര്‍ന്നാണ് നാല് കമ്പനികളും തുടങ്ങിയത്. ഓരോ കമ്പനിയുടെയും ആദ്യ ബോര്‍ഡ് മീറ്റിങ്ങില്‍ തന്നെ ബച്ചനെ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പുതിയ വെളിപ്പെടുത്തലില്‍ അമിതാഭ് ബച്ചന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.