ന്യൂഡല്‍ഹി: പനാമയിലെ കള്ളപ്പണക്കാരെ സംബന്ധിച്ചുള്ള രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രത്യേകസംഘം അന്വേഷണമാരംഭിച്ചു. സുപ്രീംകോടതിയുടെ നിര്‍ദേശത്തില്‍ നിയോഗിച്ച സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഡിടി, റവന്യൂ ഇന്റലിജന്‍സ് എന്നിവ ഏകോപിച്ചുള്ള സംഘമാണ് സംഭവം അന്വേഷിക്കുന്നത്. ജസ്റ്റിസ് എംബി ഷാ, ജസ്റ്റിസ് അര്‍ജിത്ത് പസായദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ആദ്യ അന്വേഷണ റിപ്പോര്‍ട്ട് 25ാം തീയതി സമര്‍പ്പിക്കും. ആദ്യഘട്ടത്തില്‍ രേഖകളുടെ ആധികാരികതയായിരിക്കും അന്വേഷണസംഘം പരിശോധിക്കുക.
മൊസാക് ഫൊന്‍സെക ഏജന്‍സി വഴി വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ പറഞ്ഞിരുന്നു. സംശയമുള്ള അക്കൗണ്ടുകള്‍ നിരന്തരമായി നിരീക്ഷിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു
കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്ന മൊസാക് ഫൊന്‍സെക എന്ന കമ്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നുള്ള രേഖകള്‍ ഇന്നലെയാണ് പുറത്തുവന്നത്. മൊസാക് ഫൊന്‍സെകയുടെ ചോര്‍ന്ന രേഖകളിലൂടെയാണ് അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായി അടക്കമുള്ളവരുടെ കള്ളപ്പണ നിക്ഷേപം പുറത്തുവന്നത്. ചൈനീസ് പ്രസിഡന്‌റ് ഷി ജിന്‍പിംഗ്, ലയണല്‍ മെസി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സഹായി, ജാക്കിചാന്‍, സൗദി രാജാവ്, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് തുടങ്ങിയ പ്രമുഖര്‍ കള്ളപ്പണ നിക്ഷേപം നടത്തിയതിന്റെ വിവരങ്ങളും രേഖകളിലുണ്ട്
അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, കോര്‍പ്പറേറ്റ് ഭീമനും ഡി.എല്‍.എഫ് ഉടമ കെ.പി.സിംഗ്, അദ്ദേഹത്തിന്റെ ഒന്‍പത് കുടുംബാംഗങ്ങള്‍, അപ്പോളോ ടയേഴ്‌സിന്റെ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവരുടെ പേരും പട്ടികയിലുണ്ട്.
കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുന്നതാണ് മൊസാക് ഫൊന്‍സെകയുടെ രീതി.