കൊച്ചി: പനമ്പള്ളി നഗറില്‍ ജിസിഡിഎയുടെ നേതൃത്വത്തിലുള്ള റോഡ് സൗന്ദര്യവല്‍ക്കരണം വിവാദമാകുന്നു. മെയിന്‍ അവന്യുവില്‍ നടത്താതെ ശാസ്ത്രിനഗര്‍ മുതല്‍ കൈരളി അപ്പാര്‍ട്ട്‌മെന്റ് വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡില്‍ നടത്തുന്ന സൗന്ദര്യവല്‍ക്കരണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ‘ഗിമ്മിക്കാ’ണെന്നാണ് ആക്ഷേപം.
കെഎംആര്‍എല്ലിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ഒമ്പത് മീറ്റര്‍ വീതിയുള്ള റോഡില്‍ ഗ്രീന്‍സ്ട്രിപ്പ്, നടപ്പാത, സൈക്കിള്‍ പാത എന്നിവ സജ്ജമാക്കാനാണ് പദ്ധതി.
ജിസിഡിഎ ഭരണസമിതി അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് പണി ആരംഭിച്ചിട്ടുണ്ടെങ്കിലും, പദ്ധതിയെക്കുറിച്ച് പനമ്പള്ളി നഗര്‍ വെല്‍ഫെയര്‍ അസോസിയേഷനുമായി ചര്‍ച്ച നടത്താന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല.
പനമ്പള്ളി നഗറിലെ താമസക്കാരെ മുഖവിലയ്‌ക്കെടുക്കാതെ പ്രായോഗിക കാഴ്ചപ്പാടില്ലാതെയാണ് ഇപ്പോഴത്തെ പ്രവര്‍ത്തിയെന്നും ഇതിനെതിരെ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കുമെന്നും പനമ്പള്ളിനഗര്‍ 55-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന പൊതു പ്രവര്‍ത്തക പത്മജ എസ് മേനോന്‍ വ്യക്തമാക്കി.
കൈയ്യേറ്റത്തിന്റെ പേരുപറഞ്ഞ് പലരെയും ഒഴിപ്പിച്ചിട്ടുണ്ട്. വീട്ടുകാരുടെ അസൗകര്യം കൂടി ചര്‍ച്ച ചെയ്ത് അവരുടെ ആശങ്കകള്‍ അകറ്റി വേണമായിരുന്നു സൗന്ദര്യവല്‍ക്കരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഈ പദ്ധതി സംബന്ധമായ ബഡ്ജറ്റും, പണത്തിന്റെ വിനിയോഗവും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പത്മജ ആവശ്യപ്പെട്ടു.
നേരത്തെ മനോരമ ജംഗ്ഷന്‍ മുതല്‍ കൈരളി വരെ എംഎല്‍എ ബെന്നി ബെഹന്നാന്റെ ഫണ്ട് ഉപയോഗിച്ച് സൗന്ദര്യവല്‍ക്കരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പലതവണ അത് മാറ്റിവച്ചിരുന്നു.