ചണ്ഡിഗഡ് : ദേരാ സച്ച സൗദ ആള്‍ദൈവം ഗുര്‍മിത് റാം റഹീം സിംഗിന്റെ അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലും അഴിഞ്ഞാടിയതിന്റെ സൂത്രധാര താനായിരുന്നുവെന്ന് ഹണിപ്രീത് ഇന്‍സാന്‍ സമ്മതിച്ചതായി പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
കൂടുതൽ ചോദ്യം ചെയ്യലിനായി ഹണിപ്രീതിന്റെ കസ്‌റ്റഡി കാലാവധി നീട്ടി നൽകണമെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു.
കലാപം ആസൂത്രണം ചെയ്‌തതിന് പുറമെ ഹണിപ്രീത്, വീഡിയോ സന്ദേശങ്ങൾ വഴി ആൾക്കൂട്ടത്തെ ലഹളക്കായി പ്രകോപിപ്പിക്കുകയും ചെയ്‌തു.
സുഹൃത്തായ സുഖ്‌ദീപ് കൗറിന്റെ സഹായത്തോടെയാണ് ഹണിപ്രീത് കലാപം ആസൂത്രണം ചെയ്‌തത്.
ഇതിനായി തന്റെ ഡ്രൈവറായ രാകേഷ് കുമാർ വഴി ഒന്നേകാൽ കോടി രൂപയാണ് ഹണിപ്രീത് എത്തിച്ചതെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഒളിവിലായിരുന്ന ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് പിടിയിലായത്.
മാനഭംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.