പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട് മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോലയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പന്തളം കൊട്ടാരം. വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ വേണ്ടി മോന്‍സണ്‍ മനപൂര്‍വ്വം വ്യാജ രേഖയുണ്ടാക്കിയതാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി നാരായണവര്‍മ്മ ആരോപിച്ചു.
വിഷയത്തില്‍ പുരാവസ്തു വകുപ്പ് അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും നാരായണ വര്‍മ്മ ആവശ്യപ്പെട്ടു.പന്തളം കൊട്ടാരത്തിലെ പുരാതന രേഖകളിലൊന്നും രാജകീയ സീല്‍ എന്നൊരു സംഭവമില്ല.
മോന്‍സണിന്റെ കൈവശമുള്ള താളിയോലയില്‍ ഇതുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ക്കിടയിലാണ് 350 വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ചെമ്പോലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
അന്ന് തന്നെ ഇത് പന്തളം കൊട്ടാരം തള്ളിക്കളഞ്ഞിരുന്നു. മോന്‍സണിന്റെ പുരാവസ്തുക്കള്‍ ക്രൈം ബ്രാഞ്ച് ആര്‍ക്കിയോളജി വകുപ്പ് ശാസ്ത്രീയമായി പരിശോധിക്കും.