ചെന്നൈ: ജയലളിതയുടെ മരണത്തില്‍ വഴിതിരിവായേക്കാവുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത് കേന്ദ്ര സര്‍ക്കാറിനെയും പ്രതികൂട്ടിലാക്കുന്നു…
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് പോയസ് ഗാര്‍ഡനില്‍ ജയലളിതക്ക് മര്‍ദ്ദനമേറ്റിരുന്നതായ മുന്‍ നിയമസഭാ സ്പീക്കര്‍ കൂടിയായ പാണ്ഡ്യന്റെ വെളിപ്പെടുത്തല്‍ സംബന്ധമായി അന്വേഷണം അനിവാര്യമാണെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
വാക്കേറ്റവും കയ്യാങ്കളിയും നടന്നിട്ടുണ്ടെങ്കില്‍ അത് എന്തിന് വേണ്ടി ? ആരാണ് ജയലളിതയെ പിടിച്ച് തള്ളി താഴെയിട്ടത് ? ഇതാണോ പെട്ടന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഇടവരുത്തിയത്? എന്തിനു വേണ്ടി ജനങ്ങളില്‍ നിന്ന് വിവരങ്ങളെല്ലാം മറച്ചുവയ്ക്കുന്നത് ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചേ പറ്റൂവെന്നാണ് അവര്‍ ചൂണ്ടികാണിക്കുന്നത്.
സര്‍ക്കാര്‍ അന്വേഷണത്തിന്ന് തയ്യാറായില്ലങ്കില്‍ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ ജയലളിതയുടെ സഹോദര പുത്രി ദീപ തന്നെ കോടതിയെ സമീപിച്ചേക്കും.
കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ അപ്രതീക്ഷിതമായി രംഗത്ത് വന്ന പശ്ചാതലത്തില്‍ അണ്ണാ ഡിഎംകെ പിളര്‍ന്ന് ഡിഎംകെ – കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ പിന്തുണയോടെ മറ്റൊരു സര്‍ക്കാര്‍ ഉണ്ടാവാനുള്ള സാഹചര്യമുണ്ടായാലും ഉന്നതതല അന്വേഷണത്തിന് കളമൊരുങ്ങും.
ബുധനാഴ്ച ചേര്‍ന്ന എഐഡിഎംകെ നേതൃ യോഗത്തില്‍ ശശികലക്കൊപ്പമാണ് ഭൂരിപക്ഷം എംഎല്‍എമാരെങ്കിലും അവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണെങ്കില്‍ വിശ്വാസ വോട്ടെടുപ്പിലും ഈ പിന്‍തുണ പ്രതിഫലിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല.
അതേസമയം രണ്ടര മാസ കാലം അപ്പോളോ ഹോസ്പിറ്റലില്‍ ജയലളിത ചികിത്സയില്‍ കിടന്നപ്പോള്‍ ഒരു വിവരവും പുറത്ത് വിടാതെ മറച്ച് വച്ചത് സംബന്ധമായ ‘രഹസ്യമാണ്’ ഇപ്പോള്‍ മുന്‍ സ്പീക്കര്‍ ആരോപണത്തിലൂടെ ചൂണ്ടി കാണിച്ചിരിക്കുന്നതെന്നാണ് തമിഴ് ജനതയില്‍ നല്ലൊരു വിഭാഗവും വിശ്വസിക്കുന്നത്.
ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് ‘പാത ‘സുഗമമാക്കുന്നതിനായി ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍മാരെ കൊണ്ട് നടത്തിച്ച പത്രസമ്മേളനത്തെ അപ്രസക്തമാകുന്നതായിരുന്നു പാണ്ഡ്യന്റെ ഈ വെളിപ്പെടുത്തല്‍.
മുന്‍ സ്പീക്കറും ജയലളിതയുമായി ഏറെ അടുപ്പമുള്ള വ്യക്തിയുമാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത് എന്നതിനാല്‍ അതിന് അതിന്റേതായ ഗൗരവവുമുണ്ട്.
ഇപ്പാള്‍ പുറത്ത് വന്ന വിവരം ശരിയാണെങ്കില്‍ ആരെങ്കിലും ജയലളിതയെ ഉപദ്രവിച്ചിട്ടുണ്ടെങ്കില്‍ അതിന് മറുപടി പറയേണ്ടതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനുമുണ്ടാകും.
കാരണം കേന്ദ്ര സര്‍ക്കാറിന്റെ എസ് പി ജി കമാണ്ടോകളുടെ (കരിമ്പൂച്ച) പൂര്‍ണ്ണ സംരക്ഷണമുള്ള മുഖ്യമന്ത്രിയാണ് ജയലളിത.
സംസ്ഥാനത്തെ മന്ത്രിമാരടക്കം ആര്‍ക്കും ജയലളിതയുടെ ദര്‍ശനം ലഭിക്കണമെങ്കില്‍ ഈ കരിമ്പൂച്ചകള്‍ കനിയാതെ നടക്കില്ല.
തങ്ങള്‍ സംരക്ഷണം നല്‍കുന്ന വ്യക്തിക്ക് നേരെയുള്ള ഏത് തരം കടന്നാക്രമണങ്ങളെ ചെറുക്കാനും എ കെ 47 തോക്കുകള്‍ വരെ കമാണ്ടോകള്‍ ഉപയോഗിച്ചാല്‍ പോലും അവര്‍ക്ക് നിയമ പരിരക്ഷയുമുണ്ട്.
ജയലളിതക്ക് നേരെ കയ്യേറ്റ ശ്രമം നടന്നാലും ഭീഷണി ഉയര്‍ന്നാലും മാത്രമല്ല, അവരുടെ ദൈനം ദിന ആരോഗ്യ നിലവാരത്തെ സംബന്ധിച്ചും കമാണ്ടോകള്‍ അറിഞ്ഞിരിക്കണമെന്നതാണ് നിയമം.
യു പി മുഖ്യമന്ത്രി അഖിലേഷ് യാദവടക്കം രാജ്യത്തെ ഒട്ടുമിക്ക പ്രധാന നേതാക്കള്‍ക്കും കരിമ്പൂച്ചയുടെ സംരക്ഷണവലയം ഇപ്പോഴുമുണ്ട്. സംസ്ഥാന പൊലീസിന്റെ പ്രത്യേക സുരക്ഷാ വിഭാഗങ്ങള്‍ക്ക് പുറമെയാണിത്.
കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള കരിമ്പൂച്ചകളുടെ റിപ്പോര്‍ട്ടിംങ്ങ് സെന്റര്‍ ഡല്‍ഹിയായതിനാലും ഈ വിഭാഗങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലായതിനാലും ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിടയായ സാഹചര്യം മുതല്‍ എല്ലാം രഹസ്യങ്ങളും കേന്ദ്ര സര്‍ക്കാരിന് വ്യക്തമായി അറിയാമായിരുന്നു എന്നാണ് പറയപ്പെടുന്നത്.
ഏതെങ്കിലും തരത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കപ്പെട്ടാല്‍ പാണ്ഡ്യന്റെ മാത്രമല്ല കമാണ്ടോകളുടെ മൊഴിയും അന്വേഷണ സംഘത്തിന് നിര്‍ണ്ണായകമായിരിക്കും.
ആശുപത്രിയില്‍ ജയലളിത പ്രവേശിക്കപ്പെട്ടതിന് ശേഷം അവിടെ ആരൊക്കെ കാണാന്‍ വന്നു, എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചുമൊക്കെ പുറത്ത് കാവല്‍ നില്‍ക്കുന്ന കമാണ്ടോകള്‍ രേഖപ്പെടുത്തി ഡല്‍ഹിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാകുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രഹസ്യമായാണെങ്കില്‍ പോലും അഭിപ്രായപ്പെടുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ മരണം സംബന്ധിച്ച് ദുരൂഹതയകറ്റാന്‍ ഒരന്വേഷണം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം വിവാദങ്ങള്‍ കെട്ടടങ്ങുകയുമില്ല.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ സ്ഥിതി അനുദിനം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെന്ന് കണ്ടാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചും ഗൗരവമായി കേന്ദ്രം ഇപ്പോള്‍ ആലോചിക്കുന്നുണ്ട്.
പനീര്‍ശെല്‍വ വിഭാഗവും ശശികല വിഭാഗവും എഐഡിഎംകെ എം എല്‍ എമാരെ തങ്ങളോടൊപ്പം നിര്‍ത്തുന്നതിനുള്ള തീവ്ര ശ്രമം തുടരുകയാണ്. ‘പന്ത് ‘ ഇപ്പോള്‍ ഗവര്‍ണറുടെ കോര്‍ട്ടില്‍ ആയതിനാല്‍ അദ്ദേഹമെടുക്കുന്ന നിലപാടായിരിക്കും ഇവിടെ നിര്‍ണ്ണായകമാകുക.
ജയലളിതയുടെ സഹോദര പുത്രി ദീപയാകട്ടെ 24ന് പുതിയ പാര്‍ട്ടി രൂപീകരിച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയും കഴിഞ്ഞു.