ചെന്നൈ: പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി എം കെ ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കുകയും ബാക്കി ഭൂരിപക്ഷത്തിനു വേണ്ട എം എല്‍ എമാരെ പനീര്‍ശെല്‍വത്തിന് അണിനിരത്താനും കഴിഞ്ഞാല്‍ ഉടന്‍ തന്നെ അദ്ദേഹത്തെ മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണ്ണര്‍ വിളിക്കും.
അല്ലാത്തപക്ഷം ശശികല മുന്നോട്ട് വയ്ക്കുന്ന മറ്റൊരാള്‍ക്കായിരിക്കും നറുക്ക് വീഴുക. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ഗവര്‍ണ്ണറുമായി ആശയവിനിമയം നടന്ന് കഴിഞ്ഞതായാണ് സൂചന. പ്രതിസന്ധി ഇങ്ങനെ നീട്ടികൊണ്ട് പോകാന്‍ പറ്റില്ലന്ന നിലപാടിലാണ് രാഷ്ട്രപതിയുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ബി ജെ പി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നത് കൊണ്ടാണ് ത്രിശങ്കുവില്‍ നില്‍ക്കേണ്ട സാഹചര്യം തമിഴകത്തിന് വന്നിരിക്കുന്നതെന്ന ആരോപണം ശക്തമാകുന്ന പശ്ചാതലത്തിലാണ് പ്രശ്‌ന പരിഹാരത്തിനായുള്ള കേന്ദ്ര ഇടപെടല്‍.
ആര്‍ക്കാണ് ആദ്യം മന്ത്രിസഭ രൂപീകരിക്കാന്‍ നറുക്ക് വീഴുന്നത്, അവര്‍ വിശ്വാസവോട്ട് തേടാന്‍ സാധ്യത കൂടുതലായതിനാല്‍ ശശികല വിഭാഗവും പനീര്‍ശെല്‍വ വിഭാഗവും പൊരിഞ്ഞ പ്രയത്‌നത്തിലാണ്.
ശശികല പാളയത്തിലെ ഓരോ എം എല്‍ എമാരേയും നേരിട്ട് കണ്ട് മനം മാറ്റാനുള്ള പനീര്‍ശെല്‍വ വിഭാഗത്തിന്റെ നീക്കം സംഘര്‍ഷാവസ്ഥക്കും കാരണമായിട്ടുണ്ട്.
അനിവാര്യമായ ഘട്ടത്തില്‍ സെങ്കോട്ടയ്യന്‍, എടപ്പാടി പളനി സ്വാമി എന്നിവരില്‍ ഒരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഭരണം പിടിക്കാനാണ് ശശികലയുടെ നീക്കം. കാര്യങ്ങള്‍ കൈവിട്ട് പോകുന്ന ഘട്ടത്തില്‍ മാത്രം മതി ഈ നീക്കമെന്നാണ് ധാരണ.
തിങ്കളാഴ്ച രാജ്ഭവന് മുന്നില്‍ എം എല്‍ എമാരെ അണിനിരത്തി ധര്‍ണ്ണ നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ശശികല മാറി നിന്ന് മറ്റൊരാളെ ഉയര്‍ത്തി കാട്ടിയാല്‍ നിയമപരമായി ഗവര്‍ണ്ണര്‍ സമ്മര്‍ദ്ദത്തിലാകുമെന്ന് നിയമ വിദഗ്ദര്‍ ഉപദേശിച്ചിരുന്നു.
സുപ്രീം കോടതിയില്‍ അവിഹിത സ്വത്ത് സമ്പാദന കേസില്‍ വിധി വരാനിരിക്കുന്നത് ചൂണ്ടി കാട്ടിയാണ് ഗവര്‍ണ്ണര്‍ ശശികലയെ പരിഗണിക്കാതിരിക്കുന്നത് എന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.
അതേസമയം തമിഴകത്ത് സ്വീകരിക്കേണ്ട നിലപാടിനെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത രൂപം കൊണ്ടിട്ടുണ്ട്. തിരുന്നവുക്കരശ് വിഭാഗം ശശികലയെ പിന്തുണക്കണമെന്ന നിലപാടുകാരാണ്. ചിദംബരത്തെ അനുകൂലിക്കുന്നവരാകട്ടെ സഖ്യകക്ഷിയായ ഡിഎംകെയുടെ കൂടെ നിന്ന് പനീര്‍ശെല്‍വത്തിന് വേണ്ടിയാണ് വാദിക്കുന്നത്.
വിശ്വാസ വോട്ടെടുപ്പ് ഘട്ടത്തില്‍ തീരുമാനമെടുക്കാമെന്നാണ് രാഹുല്‍ ഗാന്ധി സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ബി ജെ പി പിന്തുണയോടെയാണ് പനീര്‍ശെല്‍വം നീക്കം നടത്തുന്നത് എന്നതിനാല്‍ തീരുമാനമെടുക്കുമ്പോള്‍ ഇക്കാര്യവും കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് പരിഗണിക്കേണ്ടിവരും.
എട്ട് അംഗങ്ങളാണ് കോണ്‍ഗ്രസ്സിനുള്ളത്. ഇപ്പോഴത്തെ ബലാബലത്തിന്റെ അടിസ്ഥാനത്തില്‍ ഒരോഎം എല്‍ എമാരുടെയും നിലപാടുകള്‍ അതി നിര്‍ണ്ണായകമാണ്.
പാര്‍ട്ടി വഴിമാത്രമല്ല വ്യക്തിപരമായി പോലും ഓരോ എം എല്‍ എമാരെയും വരുതിയിലാക്കുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നത്. ഇത് ആരെ മന്ത്രിസഭയുണ്ടാക്കാന്‍ വിളിച്ചാലും വിശ്വാസ വോട്ടെടുപ്പ് വരെ നീളുകയും ചെയ്യും.