ചെന്നൈ: അനധികൃത സ്വത്തു സമ്പാദനകേസില്‍ ശശികലക്കെതിരായ സുപ്രീം കോടതിവിധി ധര്‍മത്തിന്റെയും നീതിയുടെയും വിജയമാണെന്ന് ഒ പനീര്‍ശെല്‍വം. കോടതി വിധി വന്നതിനുശേഷം പ്രതകരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ധര്‍മം ജയിക്കുമെന്നും അമ്മയ്ക്കു വേണ്ടി എന്തും സഹിക്കുമെന്നും കോടതിവിധിക്കുശേഷം ശശികല പ്രതികരിച്ചു. ജയലളിതയുടെ ദുരിതങ്ങള്‍ എന്നും ഏറ്റെടുത്തയാളാണ് താന്‍, ഇപ്പോഴും അതു തുടരുന്നുണ്ടെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
അതിനിടെ എടപ്പാടി പളനിസ്വാമിയെ അണ്ണാ ഡിഎംകെ നിയമകക്ഷിനേതാവായി തിരഞ്ഞെടുത്തു. ഒ പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെയില്‍നിന്ന് ശശികല പുറത്താക്കുകയും ചെയ്തു.
അതേസമയം പനീര്‍സെല്‍വത്തിന് പരോക്ഷ പിന്തുണ നല്‍കുമെന്ന സൂചന നല്‍കി ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. ഉറച്ച സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനമെടുക്കണം. നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണം. പിന്‍വാതിലിലൂടെ അധികാരം പിടിക്കാനില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
അനധികൃതസ്വത്തുകേസില്‍ ശശികലയുടെ ശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി അസാധുവായി. ശശികലയ്ക്ക് 4 വര്‍ഷം തടവുശിക്ഷയും 10 കോടി രൂപ പിഴയും വിധിച്ചിരുന്നു.