തിരുവനന്തപുരം: കായല്‍ കൈയേറ്റ സംഭവത്തില്‍ ആരോപണ വിധേയനായ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജി വെക്കണമെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.
കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ പൊതുപരിപാടിക്കിടെ ആയിരുന്നു പന്ന്യന്റെ പരാമര്‍ശം.
തോമസ് ചാണ്ടിയും ഇ പി ജയരാജന്റെ മാതൃക പിന്തുടരണം. അതാണ് ഇടത് പാരമ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് ആദ്യമായിട്ടാണ് തോമസ് ചാണ്ടിയുടെ രാജി സിപിഐ പരസ്യമായി ആവശ്യപ്പെടുന്നത്.
ഭൂമി കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാടായിരുന്നു ആദ്യം മുതല്‍ക്ക് സി പി ഐ സ്വീകരിച്ചിരുന്നത്.
കഴിഞ്ഞദിവസം നടന്ന എല്‍ ഡി എഫ് യോഗത്തിലും തോമസ് ചാണ്ടിയുടെ രാജി ആവശ്യം സി പി ഐ ഉയര്‍ത്തിയിരുന്നു.
മാത്രമല്ല എന്‍ സി പി നേതൃയോഗം നാളെ ചേരാനിരിക്കെയാണ് പരസ്യമായി രാജി ആവശ്യപ്പെട്ട് പന്ന്യന്‍ രംഗത്ത് എത്തിയിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.
അതേസമയം ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ തോമസ് ചാണ്ടി സമീപിച്ചിരുന്നു. നാളെയാണ് കോടതി കേസ് പരിഗണിക്കുന്നത്. കോണ്‍ഗ്രസ് എം പിയായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.