പന്നൂന്‍ വധശ്രമക്കേസ്: ഇന്ത്യന്‍ പൗരന്റെ പങ്കിനെക്കുറിച്ചുള്ള യുഎസിന്റെ ആരോപണത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരന്റെ പങ്കിനെക്കുറിച്ചുള്ള യുഎസിന്റെ ആരോപണത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെളിവുകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മോദി വ്യക്തമാക്കി. ചില സംഭവങ്ങള്‍ കൊണ്ട് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയില്ലെന്ന് യുകെ ആസ്ഥാനമായുള്ള ദി ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വിദേശത്തെ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്കയും അഭിമുഖത്തിനിടെ പ്രധാനമന്ത്രി പങ്കുവച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ അവര്‍ ഭീഷണിപ്പെടുത്തുന്നതിലും അക്രമത്തിന് പ്രേരിപ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന്റെ സുപ്രധാന ഘടകമാണ് സുരക്ഷാ, ഭീകരവിരുദ്ധ സഹകരണം എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

യു.എസ്. പൗരനും സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതാവുമായ പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യക്കാരനായ നിഖില്‍ ഗുപ്ത പങ്കാളിയായെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. വധശ്രമക്കേസില്‍ നിഖില്‍ ഗുപ്ത(52)യ്‌ക്കെതിരേ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയിലാണ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പന്നൂനെ വധിക്കാനായി വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയെന്നാരോപിച്ച് ജൂണ്‍ 30 ന് ചെക്ക് അധികൃതര്‍ ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു. യുഎസും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള ഉഭയകക്ഷി കൈമാറല്‍ ഉടമ്പടി പ്രകാരമായിരുന്നു അറസ്റ്റ്. വാടകക്കൊലയാളിയെ സംഘടിപ്പിക്കാനായി ഡല്‍ഹിയിലുള്ള ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് ഗുപ്തയെ നിയോഗിച്ചതെന്നും നവംബര്‍ 29-ന് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച യു.എസിന്റെ കുറ്റപത്രത്തില്‍ പറയുന്നു.

ദേശിയ സുരക്ഷാ താത്പര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങളായതിനാല്‍ ഇത്തരം കാര്യങ്ങള്‍ ഇന്ത്യ ഗൗരവമായാണ് പരിഗണിക്കുന്നതെന്നും വിവിധ വകുപ്പുകള്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. യു.എസ്. നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അറിയിച്ചിരുന്നു.

Top