കണ്ണൂർ: പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത അകറ്റാന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ആദ്യം അന്വേഷണം നടത്തിയത് കണ്ണൂര്‍ സിറ്റി ക്രൈംബ്രാഞ്ച് ആയിരുന്നു. പിന്നീട് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷണ ചുമതല ഡിവൈഎസ്പി ഷാജു ജോസിനാണ്.
ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനമാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴി വടകര റൂറല്‍ എസ്പി നേരിട്ടെത്തിയാണ് രേഖപ്പെടുത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വ്യാപക പോലീസ് പരിശോധനയും തുടരുകയാണ്.
നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. പ്രതികള്‍ ഈ പ്രദേശത്ത് ഒളിച്ചു താമസിച്ചതായിട്ടാണ് സംശയം. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോഴിക്കോട് ചെക്യാട് കൂളിപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.