ന്യൂഡല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസിലെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ താഹ ഫസല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി എന്‍ഐഎയ്ക്ക് നോട്ടീസ് അയച്ചു. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഒന്നാം പ്രതി അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയല്ലോയെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, വിചാരണക്കോടതി വിശദമായ ഉത്തരവ് ഇറക്കിയതും പരാമര്‍ശിച്ചു. പ്രഥമദൃഷ്ട്യാ തന്നെ ശ്രദ്ധിക്കപ്പെടുന്ന നടപടിയാണ് വിചാരണക്കോടതിയില്‍ നിന്നുണ്ടായതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയ നടപടി തെറ്റായിരുന്നുവെന്നും, മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ എന്‍ഐഎയ്ക്ക് നിയമോപദേശം നല്‍കിയിരുന്നതായും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു കോടതിയെ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് അലന്‍ ഷുഹൈബിനും, താഹ ഫസലിനും വിചാരണക്കോടതി ജാമ്യം നല്‍കിയത്. എന്നാല്‍, ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയായിരുന്നു.