പത്തനംതിട്ട: ശബരിമലയില്‍ ആചാരം ലംഘിച്ച് സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടയ്‌ക്കേണ്ടി വരുമെന്ന് പന്തളം കൊട്ടാരം അറിയിച്ചു. കനത്ത പോലീസ് സുരക്ഷയില്‍ രണ്ട് യുവതികള്‍ നടപ്പന്തല്‍ വരെ എത്തിയ സാഹചര്യത്തിലാണ് കൊട്ടാരം ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈദരാബാദില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയും മറ്റൊരു സ്ത്രീയുമാണ് മല കയറാന്‍ ശ്രമിക്കുന്നത്. ഹൈദരാബാദിലെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മോജോ ടിവിയുടെ ലേഖിക കവിതയും കൊച്ചിയില്‍ നിന്നുള്ള യുവതിയുമാണ് പ്രതിഷേധങ്ങളെ വകവയ്ക്കാതെ സന്നിധാനത്തേക്ക് എത്തിയത്.
സന്നിധാനത്ത് ആചാരലംഘനമുണ്ടായാല്‍ ശുദ്ധിക്രിയ നടത്തുമെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി പി.എന്‍ നാരായണ വര്‍മ്മ നേരത്തെ അറിയിച്ചിരുന്നു.
യുവതികള്‍ എത്തിയാല്‍ ഉണ്ടാകുന്ന അശുദ്ധിയെക്കുറിച്ച് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് തന്ത്രി കണ്ഠരര് രാജീവരും അറിയിച്ചിരുന്നു. ക്ഷേത്രത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് പ്രധാനം. ഓരോ ക്ഷേത്രങ്ങളുടെയും പ്രത്യേകത സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും തന്ത്രി പറഞ്ഞിരുന്നു.