കൊച്ചി : പന്തളം കേന്ദ്രീകരിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് ക്രമിനലുകള്‍ തുടര്‍ച്ചയായി നടത്തുന്ന അക്രമം പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ.
രണ്ട് രാത്രികളിലായി രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കു നേരെയാണ് എസ്.ഡി.പി.ഐ വധശ്രമം നടത്തിയത്. എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റും ഡി.വൈ.എഫ്.ഐ പന്തളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ വിഷ്ണു കെ രമേശിനെ പാര്‍ട്ടി ഓഫീസില്‍ നിന്ന് രാത്രി വീട്ടിലേക്ക് മടങ്ങുംവഴി വകവരുത്താന്‍ ശ്രമിച്ചു.
തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ വിഷ്ണു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് അടുത്ത ദിവസം പന്തളത്ത് നടത്തിയ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ പന്തളം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ജയപ്രസാദിനെ വാഹനത്തില്‍ എത്തിയ സംഘം കൊലപ്പെടുത്താന്‍ നോക്കി. ഇരുവരും ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ബ്ലോക്ക് സെക്രട്ടറിയായിരുന്ന റഹ്മത്തുള്ളഖാനു നേരെയും ഡി.വൈ.എഫ്.ഐ നേതാക്കളായ സന്ദീപ്
എസ്.ഷെഫീക്ക് എന്നിവര്‍ക്ക് നേരയും മുമ്പ് സമാന സ്വഭാവത്തിലുള്ള അക്രമം നടന്നിരുന്നതായും ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അക്രമ പ്രവര്‍ത്തനങ്ങള്‍ക്കായി ക്രിമിനല്‍ സംഘത്തെ ഇക്കുട്ടര്‍ റിക്രൂട്ട് ചെയ്ത് പന്തളത്തിന്റെ വിവിധഭാഗങ്ങളില്‍ ക്യാമ്പ് ചെയ്യിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ വ്യാപകമായി അക്രമം അഴിച്ചുവിട്ട് താലിബാനിസം നടപ്പാക്കാന്‍ എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് സംഘം നടത്തുന്ന ഗൂഡ ശ്രമത്തിന്റെ ഭാഗമാണിത്.
മത തീവ്രവാദത്തിന്റെ ചുവടുപറ്റി പുരോഗമന ആശയങ്ങളുടെ നാമ്പൊടിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. നാടിന്റെ സമാധാനവും പുരോഗതിയും മുച്ചൂടും തകര്‍ക്കുന്ന വര്‍ഗീയതയും മതഭീകരതയും ഒരേപോലെ ചെറുക്കേണ്ടതാണ്. അതിനായുള്ള ബഹുജനമുന്നേറ്റം ഉയര്‍ന്നു വരണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.