കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരുവരുടേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയതിലടക്കം പൊലീസ് ഇന്ന് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കും. കേസ് ഡയറി ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചിരുന്നു. അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നു ദിവസത്തെ കസ്റ്റഡി കോടതി അനുവദിച്ചത്.
വീടുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ലഘുലേഖയും പുസ്തകങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലിൽ അടക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നും വ്യാജ തെളിവുകൾ ഉണ്ടാക്കി മാവോയിസ്റ്റ് എന്ന പേരിൽ കുടുക്കിയതാണെന്നുമാണ് പ്രതികളായ അലനും താഹയും ജാമ്യഹര്‍ജിയില്‍ വാദിക്കുന്നത്.
നവംബര്‍ ഒന്നിന് രാത്രിയാണ് പന്തീരാങ്കാവ് പൊലീസ് അലനെയും താഹയെയും അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഓടിരക്ഷപ്പെട്ടയാളാണ് കേസില്‍ മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്നു, ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, പിടിയിലായവര്‍ അര്‍ബന്‍ മാവോയിസ്റ്റുകളാണെന്ന് തെളിയിക്കാന്‍ കഴിയുന്ന ചില സൂചനകള്‍ ലഭിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.