പട്‌ന: പപ്പു യാദവിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ചരടുവലി. ബിഹാറില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പദ്ധതിയുടെ ഭാഗമായാണു കോണ്‍ഗ്രസ് പപ്പു യാദവിനെ സമീപിച്ചത്. പപ്പു യാദവിന്റെ പത്‌നി രഞ്ജിത് രഞ്ജന്‍ എഐസിസി സെക്രട്ടറിയും കോണ്‍ഗ്രസിന്റെ മുന്‍ എംപിയുമാണ്. തന്റെ നേതൃത്വത്തിലുള്ള ജന അധികാര്‍ പാര്‍ട്ടി – ലോക്താന്ത്രികിനെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്ന കാര്യം ആലോചിക്കാമെന്നു പപ്പു യാദവ് നിലപാടു പരസ്യമാക്കിയിട്ടുമുണ്ട്.
രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെന്നു പപ്പു യാദവ് പറഞ്ഞു. ബിഹാറില്‍ ഈ മാസം 30നു ഉപതിരഞ്ഞെടുപ്പു നടക്കുന്ന രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പപ്പു യാദവ് പ്രഖ്യാപിച്ചു. സിപിഐ നേതാവായ കനയ്യ കുമാര്‍ പാര്‍ട്ടിയിലെത്തിയതു ഭൂമിഹാര്‍ സമുദായത്തിലും യുവജനങ്ങള്‍ക്കിടയിലും സ്വാധീനം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസ്.
ബിഹാറിലെ കോണ്‍ഗ്രസ് നേതൃനിരയില്‍ യാദവ മുഖമില്ലെന്ന കുറവു പരിഹരിക്കാന്‍ പപ്പു യാദവിലൂടെ കഴിയുമെന്നും പ്രശാന്ത് കിഷോര്‍ കണക്കുകൂട്ടുന്നു. ബിഹാറില്‍ ആര്‍ജെഡിയുടെ താങ്ങില്ലാതെ നില്‍ക്കാന്‍ പ്രാപ്തിയുള്ള പാര്‍ട്ടിയാക്കി കോണ്‍ഗ്രസിനെ മാറ്റുകയാണു പ്രശാന്ത് കിഷോറിന്റെ ലക്ഷ്യം. ആര്‍ജെഡിയില്‍ നിന്നു പുറത്താക്കപ്പെട്ടതിനു ശേഷമാണ് 2015ല്‍ പപ്പു യാദവ് ജന അധികാര്‍ പാര്‍ട്ടി – ലോക്താന്ത്രിക് രൂപീകരിച്ചത്.
എന്നാല്‍, അഞ്ചു തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പപ്പു യാദവിനു ആര്‍ജെഡിയില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെറുകക്ഷികളുടെ മുന്നണിയുണ്ടാക്കി മല്‍സരിച്ചെങ്കിലും തോറ്റിരുന്നു.