കോട്ടയം : എ കെ ശശീന്ദ്രൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോട്ടയത്ത് എൻസിപിയുടെ സാമാന്തര യോഗം. കോണ്‍ഗ്രസ് എസ് നേതാവായിരുന്ന സി.എച്ച്. ഹരിദാസിന്‍റെ അനുസ്മരണ പരിപാടിയാണ് ശശീന്ദ്രന്റെ നിർദേശപ്രകാരം സംഘടിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്റെ അധ്യക്ഷതയിൽ ജില്ലാ നേതൃയോഗം ചേരാനിരിക്കെയാണ് ബദൽയോഗം. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ നിന്ന് മാണി സി. കാപ്പൻ ഉൾപ്പെടെയുള്ളവർ വിട്ടുനിന്നു.
യോഗം വിഭാഗീയ നീക്കമെന്ന ആരോപണം ശശീന്ദ്രൻ അനുകൂലികൾ തള്ളി.അതേസമയം, പാലാ സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻസിപി നേതൃത്വം. തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു കൊടുക്കണമെന്നത് വിചിത്രമായ ആവശ്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ പറഞ്ഞു. പാർട്ടിയുടെ സീറ്റുകൾ വെട്ടിക്കുറയ്ക്കുന്നത് ശിക്ഷിക്കുന്നതിന് തുല്യമാണ്. സീറ്റ് വിട്ടുനൽകണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടില്ല.