തിരുവനന്തപുരം : നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നുള്ള ചില്ലറ ക്ഷാമം രൂക്ഷമായതോടെ ബദല്‍ മാര്‍ഗങ്ങള്‍ക്ക് സംസ്ഥാനത്ത് പ്രചാരമേറുന്നു. പേടിഎം ഉള്‍പ്പടെയുള്ള മൊബൈല്‍ ഫോണ്‍ വാലെറ്റുകള്‍ കൂടുതല്‍ കടകളില്‍ ഉപയോഗിച്ചു തുടങ്ങി.
വാലെറ്റുകള്‍ വഴിയുള്ള പണമിടപാട് ഉയര്‍ന്നിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
പോക്കറ്റില്‍ രണ്ടായിരത്തിന്റെ നോട്ടു മാത്രമേ ഉള്ളെങ്കിലും ചായയും കടിയും കഴിക്കാം. പണം കൊടുക്കാന്‍ മൊബൈല്‍ ഫോണില്‍ പേടിഎം എന്ന ആപ്ലിക്കേഷന്‍ മതി. കടയിലുള്ള കാര്‍ഡിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. കൊടുക്കേണ്ട തുക ടൈപ്പ് ചെയ്തശേഷം ഒരു ടച്ച് മതി കടക്കാരന്റെ മൊബൈലിലുള്ള പേടിഎം അക്കൗണ്ടിലേക്ക് പണം എത്തും.
ഇനി സ്‌കാന്‍ ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ കാര്‍ഡില്‍ കാണുന്ന നമ്പര്‍ അടിച്ചും പണം കൈമാറാം. ഇതിന് സര്‍വീസ് ചാര്‍ജില്ല.
പേടിഎം അക്കൗണ്ടിലെ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യാം. ഇതിന് ചെറിയ സര്‍വീസ് ചാര്‍ജ് ഉണ്ടാകും. ചില ഹോട്ടലുകളിലും മൊബൈല്‍ കടകളിലും മൊബൈല്‍ സര്‍വീസ് സെന്ററുകളിലും ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാണ്.
നോട്ട് പിന്‍വലിക്കലിന് ശേഷം വാലെറ്റുകള്‍ ഉപയോഗിച്ച് ബില്ലടയ്ക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് ഇവരുടെ അനുഭവം.
നോട്ട് പിന്‍വലിച്ചതിന് ശേഷം മറ്റ് പല വാലറ്റ് കമ്പനികളുടെയും സെയില്‍സ് റപ്രസന്റേറ്റീവുമാര്‍ ബിസിനസ് പിടിക്കാന്‍ തലസ്ഥാനത്ത് കടകള്‍ കയറിയിറങ്ങുകയാണ്. വരുംകാലം വാലറ്റ് ആപ്ലിക്കേഷന്‍ മേഖലയിലും മല്‍സരം കടുക്കുമെന്ന് അര്‍ഥം.