Parallel police station in kochi;DGP agreed the allegation

കൊച്ചി: കൊച്ചിയിലെ സമാന്തര പോലീസ് സ്‌റ്റേഷന്‍ ആരോപണം ശരിവച്ച് സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍. സമാന്തര പോലീസ് സ്‌റ്റേഷനെ സംബന്ധിച്ച് പോലീസ് കൃത്യമായ അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നല്‍കിയ വിവരങ്ങള്‍ കൂടിയാണ് കോടതിയില്‍ നല്‍കിയതെന്നും ഡിജിപി പറഞ്ഞു.

കൊച്ചിയില്‍ റിട്ട.എസ്.പിയുടെ നേതൃത്വത്തില്‍ സമാന്തര പോലീസ് സ്‌റ്റേഷന്‍ നടത്തുന്നുവെന്ന് ഡയറകടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. റിട്ട എസ്.പി സുനില്‍ ജേക്കബ് സ്വകാര്യ ഏജന്‍സിയുടെ മറവില്‍ സ്വകാര്യ പോലീസ് സ്‌റ്റേഷന്‍ നടത്തുകയാണെന്നും കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയാണെന്നുമാണ് ഡി.ജി.പി കോടതിയെ അറിയിച്ചത്.

പോലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി സുനില്‍ ജേക്കബ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഡി.ജി.പി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

തന്റെ സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയില്‍ റെയ്ഡ് നടത്തി തന്നേയും കുടുംബത്തെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സുനില്‍ ജേക്കബ് ഹര്‍ജി നല്‍കിയത്.

എന്നാല്‍ വസ്തുതകള്‍ മറ്റൊന്നാണെന്നും സുനില്‍ ജേക്കബിന് ഗുണ്ടാ നേതാക്കളുമായി അടുപ്പമുണ്ടെന്നും അന്വേഷണത്തിലിരിക്കുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയാണ് സുനില്‍ ജേക്കബ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

Top