ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയ വിനോദ് കുമാറിനാണ് മെഡല്‍ അസാധുവാക്കി. മത്സരത്തില്‍ പങ്കെടുക്കാനാവശ്യമായ ശാരീരിക അവശതകള്‍ താരത്തിനില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മെഡല്‍ തിരിച്ചെടുത്തത്. മറ്റ് മത്സരാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഒളിമ്പിക് കമ്മറ്റിയുടെ നടപടി.
42 കാരനായ വിനോദ് കുമാര്‍ 19.91 മീറ്റര്‍ എറിഞ്ഞായിരുന്നു വെങ്കലം കരസ്ഥമാക്കിയത്. ഈയിനത്തിലെ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു താരത്തിന്റെ മെഡല്‍ നേട്ടം. അഞ്ചാമത്തെ ത്രേയിലായിരുന്നു മെഡലുറപ്പാക്കിയ അദ്ദേഹത്തിന്റെ പ്രകടനം. പക്ഷെ ഫൈനലിനു ശേഷം മറ്റു ചില രാജ്യങ്ങള്‍ ഇതിനെതിരേ പ്രതിഷേധിച്ചിരുന്നു. എഫ്52 എന്ന ഇനത്തില്‍ മല്‍സരിക്കാന്‍ വിനോദിന് അര്‍ഹതയില്ലെന്നായിരുന്നു ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഇതേ തുടര്‍ന്നു മല്‍സരഫലം തല്‍ക്കാലത്തേക്കു മരവിപ്പിക്കുകയും ഇതേക്കുറിച്ച് പുനപ്പരിശോധിക്കുകയുമായിരുന്നു.
എഫ്52 വിഭാഗത്തിന് പകരം സി എന്‍ സി (ക്ലാസിഫിക്കേഷന്‍ നോട്ട് കംപ്ലീറ്റഡ്) കാറ്റഗറിയിലായിരുന്നു താരം മത്സരിക്കേണ്ടിയിരുന്നത് എന്നാണ് വിദഗ്ധ പാനലിന്റെ കണ്ടെത്തല്‍. ശാരീരിക വെല്ലുവിളിയുടെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ കാറ്റഗറി നിര്‍ണയിക്കുന്നത്.
പേശികളുടെ ബലക്കുറവ്, നിയന്ത്രിത ചലനശേഷി, കൈകാലുകളുടെ കുറവ് അല്ലെങ്കില്‍ കാലിന്റെ നീളവ്യത്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് എഫ്52 കാറ്റഗറി നിര്‍ണയിക്കുന്നത്.