പാലക്കാട്: പറമ്പിക്കുളം ഡാമിന്റെ ഷട്ടർ തനിയെ തുറന്നു. ബുധനാഴ്ച പുലർച്ചെയാണ് സാങ്കേതികത്തകരാറിനെത്തുടർന്ന് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കൻഡിൽ 15,000 മുതൽ 20,000 വരെ ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്.
ഡാമിന്റെ മൂന്ന് ഷട്ടറുകളും 10 സെന്റീമീറ്റർവീതം തുറന്ന് വെള്ളം ഒഴുക്കിക്കളയുന്നുണ്ടായിരുന്നു. അതിനിടയ്ക്കാണ് നടുവിലത്തെ ഷട്ടർ തുറന്നുപോയത്. 25 അടി നീളമുള്ള ഷട്ടറാണ് പൂർണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റർമാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തിൽ പൊന്തിപ്പോയത്. അപ്രതീക്ഷിതമായി വെള്ളം ഒഴുകുന്നത് ഭീഷണിയാണ്. അഞ്ചുമണിക്കൂർകൊണ്ട് വെള്ളം ജനവാസമേഖലകളിലേക്ക് എത്തുമെന്നാണ് സൂചന.