പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകൾ പുനഃസ്ഥാപിക്കുന്നത് വൈകും

പാലക്കാട്: ഇന്നലെ തകർന്ന പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകൾ പുനഃസ്ഥാപിക്കാൻ സമയമെടുക്കും. രണ്ടാമത്തെ ഷട്ടർ പൂർണ്ണമായും മാറ്റി സ്ഥാപിക്കേണ്ടിവരും. തമിഴ്നാട്ടിലെ ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറമ്പിക്കുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

ഇന്നലെ പുലർച്ചെ ഡാമിന്റെ രണ്ടാമത്തെ ഷട്ടർ സെക്യൂരിറ്റി വെയ്റ്റിന്റെ ചങ്ങല പൊട്ടി പൂർണ്ണമായി തകർന്ന് വീഴുകയായിരുന്നു. 4 മണിക്കൂറിൽ ഒരു അടി വെള്ളമാണ് ഇപ്പോൾ ഡാമിൽ നിന്നും ഒഴുകി പോകുന്നത്. 27 അടി വെള്ളം ഒഴുകിപോയാൽ മാത്രമെ ഷട്ടറിന്റെ അറ്റകുറ്റ പണി തുടങ്ങാൻ കഴിയൂ.

തകർന്ന് വീണ ഷട്ടർ പൂർണ്ണമായും മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ മാത്രമെ പുതിയ ഷട്ടർ സ്ഥാപിക്കാൻ കഴിയൂ. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ ഇന്നലെ പറമ്പികുളത്ത് എത്തിയിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് സംബന്ധിച്ച വിശദാംശങ്ങൾ തമിഴ്നാട് കേരളത്തിനും കൈമാറുന്നുണ്ട്.

Top